നടുക്കടലിലെറിഞ്ഞാലും പൊങ്ങിക്കിടക്കും ഈ ഏഴു വയസ്സുകാരന്‍

Update: 2021-08-10 10:08 GMT

ഹമീദ് പരപ്പനങ്ങാടി


പരപ്പനങ്ങാടി:പിച്ചവെക്കുംപ്രായത്തില്‍ തന്നെ ജലാശയങ്ങളെ ശയ്യയാക്കുന്നതിന് പരിശീലനം നടത്തിവരികയാണ് പരപ്പനങ്ങാടി അയ്യപ്പന്‍കാവിലെ യു വി ജീവശങ്കര്‍ എന്ന ഏഴു വയസ്സുകാരന്‍. രണ്ടു വയസ് പ്രായമുള്ളപ്പോള്‍ തന്നെ അച്ഛന്റെ കൂടെ അമ്പലക്കുളത്തില്‍ കുളിക്കാന്‍ പോകുമായിരുന്ന ജീവശങ്കര്‍ പൊങ്ങുതടി പോലെ ജലപരപ്പില്‍ പൊങ്ങിക്കിടക്കുന്ന വിദ്യ സ്വായത്തമാക്കിയിരുന്നതായി രക്ഷിതാക്കള്‍ സാക്ഷ്യപ്പെടുത്തുന്നു.


പരപ്പനങ്ങാടിയിലെ കോവിലകം ഇീഗഌഷ് മീഡിയം സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജീവശങ്കര്‍ പുഴയിലെയും കുളത്തിലെയും ജലപ്പരപ്പുകള്‍ക്ക് മുകളില്‍ താഴ്ന്നു പോകാതെ പൊങ്ങിക്കിടക്കുന്ന കാഴ്ച മുങ്ങല്‍ വിദഗ്ദ്ധരെ പോലും അതിശയിപ്പിക്കുന്നതാണ്. ജലോപരിതലത്തില്‍ എത്രസമയം വേണമെങ്കിലും മലര്‍ന്നുകിടക്കാന്‍ കഴിയുമെങ്കിലും ഈ വിദ്യ മറ്റുള്ളവര്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കാനോ കയ്യടിവാങ്ങാനോ ജീവശങ്കര്‍ ഒരുക്കമല്ല. ഒഴിവുകിട്ടുമ്പോള്‍ ഉല്ലാസത്തിനുവേണ്ടി അച്ഛന്റെ കൂടെ ജലശയ്യ നടത്തും.


പഠനത്തില്‍ മിടുക്കനായ ജീവശങ്കര്‍ എ ആര്‍ നഗര്‍ ഗ്രാമപഞ്ചായത്ത് സീനിയര്‍ ക്ലര്‍ക് ഉണിക്കണ്ടം വീട്ടില്‍ ഷാജന്റെയും അഭിഭാഷകയായ ജ്യോതിയുടേയും ഏക മകനാണ്. കലയിലും വരയിലും വിരുതുള്ള ഈ ബാലന്‍ യോഗയും അഭ്യസിക്കുന്നുണ്ട്.




Tags:    

Similar News