യുഎസ് അടക്കം ലോകരാജ്യങ്ങളുമായി നല്ല ബന്ധം ആഗ്രഹിക്കുന്നു; വിദേശനയം വ്യക്തമാക്കി താലിബാന്‍

Update: 2021-08-31 04:56 GMT

കാബൂള്‍: യുഎസ്സ് അടക്കമുളള ലോക രാജ്യങ്ങളുമായി അഫ്ഗാനിസ്താനും താലിബാനും നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്ന് താലിബാന്‍ വക്താവ്. 20 വര്‍ഷത്തെ അധിനിവേശത്തിനു ശേഷം അവസാനത്തെ അമേരിക്കന്‍ സൈനികനും രാജ്യം വിട്ടതിന് തൊട്ടുപിന്നാലെയാണ് താലിബാന്‍ നയം വ്യക്തമാക്കിയത്.

''അഫ്ഗാന്‍ ജനതക്ക് അഭിനന്ദനങ്ങള്‍. വിജയം നമ്മുടേതാണ്''-താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് കാബൂള്‍ വിമാനത്താവളത്തിലെ റണ്‍വേയില്‍ വച്ച് മാധ്യമങ്ങളോട് പ്രതികരിച്ചു.

''ഞങ്ങള്‍ ലോകത്തോട് നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്. യുഎസ്സുമായും അതാഗ്രഹിക്കുന്നു''- എല്ലാ രാജ്യങ്ങളുമായി മെച്ചപ്പെട്ട നയതന്ത്രബന്ധങ്ങള്‍ ആരംഭിക്കാനും താലിബാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു.

നേരത്തെ ഇന്ത്യയുമായി നല്ല ബന്ധത്തിന് താലിബാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു.

താലിബാനെ അഫ്ഗാന്റെ ഔദ്യോഗിക ഭരണാധികാരികളായി അംഗീകരിച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നു.

2001 സെപ്റ്റംബര്‍ 11ലെ ലോക വ്യാപാര കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തിന്റെ മറവിലാണ് യുഎസ് സഖ്യസേന അഫ്ഗാനില്‍ അധിനിവേശം നടത്തിയത്.

അമേരിക്കന്‍ വ്യോമസേനയുടെ സി17 വിമാനം കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നും പ്രാദേശിക സമയം തിങ്കളാഴ്ച വൈകീട്ട് 3.29 നാണ് പറന്നുയര്‍ന്നത്. യുഎസ് സ്ഥാനപതി റോസ് വില്‍സന്‍ ഉള്‍പ്പെടെയുള്ളവരാണ് അവസാനം അഫ്ഗാന്‍ വിട്ട സംഘത്തിലുള്ളത്. ഐഎസ് ഭീഷണിയെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് വിമാനത്താവളത്തിന് ഏര്‍പ്പെടുത്തിയിരുന്നത്.  

Tags:    

Similar News