വിഴിഞ്ഞം പദ്ധതി: അദാനി ഗ്രൂപ്പിന്റെ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

Update: 2022-12-02 02:07 GMT

തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരേ അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയും നല്‍കിയ കോടതിയലക്ഷ്യ ഹരജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിഴിഞ്ഞം പദ്ധതി നിര്‍മാണത്തിന് പോലിസ് സംരക്ഷണം വേണമെന്നാണ് അദാനി ഗ്രൂപ്പിന്റെ ആവശ്യം. വിഴിഞ്ഞത്തെ സംഘര്‍ഷം സംബന്ധിച്ച് പോലിസ് ഇന്നലെ കോടതിയില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. വൈദികരടക്കം പദ്ധതി പ്രദേശത്തേക്ക് അതിക്രമിച്ചുകയറിയെന്നും സംഘര്‍ഷമുണ്ടാക്കിയെന്നുമാണ് സത്യവാങ്മൂലം.

കഴിഞ്ഞ ദിവസത്തെ സംഘര്‍ഷത്തില്‍ സ്വീകരിച്ച നിയമനടപടികള്‍ അറിയിക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിലെ തല്‍സ്ഥിതി വിവരങ്ങള്‍ സര്‍ക്കാര്‍ കോടതിയെ അറിയിക്കും. എന്നാല്‍, പ്രകോപനമുണ്ടാക്കിയത് സമരക്കാരല്ല പോലിസാണെന്ന് കോടതിയെ ധരിപ്പിക്കാനാണ് സമരസമിതിയുടെ തീരുമാനം. അതിനിടെ, വിഴിഞ്ഞം സംഘര്‍ഷത്തില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജിയെത്തി. വിഴിഞ്ഞം സ്വദേശിയായ മുന്‍ ഡിവൈഎസ്പിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ആക്രമണത്തില്‍ ഗൂഢാലോചന ഉള്‍പ്പടെ പുറത്തുകൊണ്ടുവരണമെന്നാണ് ആവശ്യം.

പോലിസ് സ്‌റ്റേഷന്‍ ആക്രമണത്തില്‍ പ്രതികളായവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണം. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനും ഡിജിപിക്കും നിര്‍ദേശം നല്‍കണം. സര്‍ക്കാരിന് സാധിച്ചില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെയോ കേന്ദ്രസേനയുടെയോ സഹായം തേടാന്‍ ഉത്തരവിടണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിഴിഞ്ഞം സംഘര്‍ഷം വിശദമായി ചര്‍ച്ച ചെയ്‌തേക്കും. വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന സമരത്തോട് സ്വീകരിക്കേണ്ട നയസമീപനവും യോഗം ചര്‍ച്ച ചെയ്യും. തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും സെക്രട്ടേറിയറ്റ് രൂപീകരിക്കും.

Tags: