കുറ്റ്യാടിയില്‍ കോടികളുടെ തട്ടിപ്പ്; വിശ്വദീപ്തി കോ-ഓപ്പറേറ്റീവ് ബ്രാഞ്ച് മാനേജര്‍ അറസ്റ്റില്‍

Update: 2025-10-13 08:07 GMT

കുറ്റ്യാടി: സ്വകാര്യ ധനകാര്യ സ്ഥാപനമായ വിശ്വദീപ്തി മള്‍ട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ കോടികളുടെ തട്ടിപ്പ് നടന്നതുമായി ബന്ധപ്പെട്ട് വേളം പൂളക്കൂല്‍ സ്വദേശി കെ കെ ഷൈജു (41)നെ പോലിസ് അറസ്റ്റുചെയ്തു. കുറ്റ്യാടി ബ്രാഞ്ച് മാനേജരായ ഇയാളെ അറസ്റ്റ് ചെയ്തതോടെ, സംസ്ഥാനത്തുടനീളമുള്ള നിക്ഷേപകരുടെ പരാതികള്‍ കൂടുതല്‍ ശക്തമായിരിക്കുകയാണ്.

ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപകരില്‍നിന്ന് പണം സ്വരൂപിച്ചുവെന്നതാണ് ആരോപണം. പണം തിരിച്ചുനല്‍കാതെയും പലിശ കുടിശ്ശികയാക്കിയും വഞ്ചന നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇരുപത്തിയഞ്ചോളം കേസുകള്‍ ഇതിനകം പോലിസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സ്ഥാപനത്തില്‍ പോലിസ് റെയ്ഡ് നടത്തി രേഖകളും കമ്പ്യൂട്ടര്‍ സംവിധാനങ്ങളും പരിശോധിച്ചു. തൊട്ടില്‍പ്പാലം, കുറ്റ്യാടി ടൗണ്‍ എന്നിവിടങ്ങളില്‍ നിന്ന് ദിവസ കളക്ഷന്‍ സ്വീകരിച്ച ജീവനക്കാരില്‍ പലരും നിലവില്‍ പോലിസിന്റെ നിരീക്ഷണത്തിലാണ്. തട്ടിപ്പില്‍ പങ്കാളികളായവരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

Tags: