മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് സലിം നിര്യാതനായി

Update: 2022-10-09 04:50 GMT

കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് സലിം നിര്യാതനായി. എറണാകുളം പ്രസ് ക്ലബ്ബിന്റെ മുന്‍ സെക്രട്ടറി, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പിആര്‍ഒ, പത്രപ്രവര്‍ത്തകരുടെ അഖിലേന്ത്യാ സംഘടനയായ ഐഎഫ്ഡബ്ല്യുജെ പ്രവര്‍ത്തക സമിതി അംഗം, കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ടെലക്‌സ് (ബ്യൂറോ ചീഫ്), വീക്ഷണം (സബ് എഡിറ്റര്‍), മംഗളം (കറസ്‌പോണ്ടന്റ്), ജനയുഗം, മലയാള മണ്ണ് (സ്‌പെഷല്‍ കറസ്‌പോണ്ടന്റ്) എന്നീ പത്രങ്ങളില്‍ ജോലിചെയ്തിട്ടുണ്ട്. കൊച്ചിയില്‍ നിന്നു പ്രസിദ്ധീകരിച്ചിരുന്ന 'പാര' രാഷ്ട്രീയ ആക്ഷേപഹാസ്യ മാസികയുടെ കോഓര്‍ഡിനേറ്റിങ്ങ് എഡിറ്റര്‍ ആയിരുന്നു.

അസാധു വിനോദ മാസികയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മുതിര്‍ന്ന പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയായ സീനിയര്‍ ജേര്‍ണലിസ്റ്റ്‌സ് ഫോറത്തിന്റെ സ്ഥാപകരില്‍ ഒരാളാണ്. ഫോറം എറണാകുളം ജില്ലാ സെക്രട്ടറി ആയിരുന്നു. നിലവില്‍ സംസ്ഥാന സമിതി അംഗം. മീഡിയ കൊച്ചിന്‍ എന്ന ഒരു പബ്ലിക് റിലേഷന്‍സ് സ്ഥാപനം സലിം നടത്തിവരികയായിരുന്നു.

ഇകെ നായനാര്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍, കേരള പത്രപ്രവര്‍ത്തക യൂനിയന്‍ പ്രതിനിധിയായി, മുഖ്യമന്ത്രിയുടെ മാധ്യമോപദേശക സമിതി അംഗമായിരുന്നു. കോട്ടയം ചുങ്കം ഇടാട്ടുതറയില്‍ പരേതനായ കെ അലിയാരുടെയും കോടിമത മഠത്തിപറമ്പില്‍ പരേതയായ കെ ഹലീമ ബീവിയുടെയും മകനാണ്. കോട്ടയം സിഎംഎസ് കോളജിലായിരുന്നു വിദ്യാഭ്യാസം. ഗവണ്‍മെന്റ് ഹോമിയോ (റിട്ട.) മെഡിക്കല്‍ ഓഫിസര്‍ ഡോ. പി എ പരിമള കുമാരിയാണ് ഭാര്യ. മക്കള്‍: തന്‍വീര്‍ എം സലിം (ഫ്‌ളേവറി, പാലാരിവട്ടം), തസ്‌വീര്‍ എം സലിം (ദുബയ്).

1970കളില്‍ കൊച്ചിയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന നിരവധി ചെറുകിട ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ ഉപദേശകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. യുവ കേരളം, പ്രിയംവദ, സമത, സൗരയൂഥം, ഡയറക്ടര്‍ എന്നിവയൊക്കെ അതില്‍ ഉള്‍പ്പെടും. 1973 ല്‍ കേരളം നടാടെ സന്തോഷ് ട്രോഫി നേടിയത് മുതല്‍ കൊച്ചിയില്‍ അരങ്ങേറിയ എല്ലാ ഫുട്‌ബോള്‍ മേളകളുടെയും പബ്ലിസിറ്റി കണ്‍വീനര്‍ സലീമായിരുന്നു. മികച്ച ഫുട്‌ബോള്‍ കമന്റേറ്റര്‍ കൂടിയായിരുന്നു. സംസ്‌കാരം ഇന്ന് ച്ചകഴിഞ്ഞ് രണ്ടിന് എറണാകുളം പടമുഗളില്‍ നടക്കും.

Tags: