നിങ്ങള്‍ മന്ത്രിയാണോ? രാജ്യസഭയില്‍ എഎപി നേതാവിനെ ശാസിച്ച് വെങ്കയ്യനായിഡു

ഡല്‍ഹി സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ജലത്തിന്റെ ഗുണനിലവാരത്തെ കുറിച്ച് നടന്ന ചര്‍ച്ചയാണ് നാടകീയരംഗങ്ങള്‍ക്ക് വഴി വച്ചത്.

Update: 2019-11-22 15:04 GMT

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി അംഗവും ബിജെപി അംഗവും തമ്മില്‍ രാജ്യസഭയില്‍ വച്ചു നടന്ന വാക്കേറ്റത്തില്‍ ഇരുവരെയും ശാസിച്ച് ചെയര്‍മാന്‍ വെങ്കയ്യനായിഡു. ഡല്‍ഹി സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ജലത്തിന്റെ ഗുണനിലവാരത്തെ കുറിച്ച് നടന്ന ചര്‍ച്ചയാണ് നാടകീയരംഗങ്ങള്‍ക്ക് വഴി വച്ചത്.

ശൂന്യവേളയില്‍ ബിജെപിയുടെ വിജയ് ഗോയല്‍ ഡല്‍ഹിയിലെ ജലവിതരണത്തെ കുറിച്ച് സബ്മിഷന്‍ അവതരിപ്പിച്ചതോടെയാണ് തര്‍ക്കത്തിന് തുടക്കമിട്ടത്. തലസ്ഥാനത്ത് വിതരണം ചെയ്യുന്ന ജലം ഗുണനിലവാരമില്ലാത്തതും രോഗാണുക്കള്‍ നിറഞ്ഞതാണെന്നും വിജയ് ഗോയല്‍ ആരോപിച്ചു. എഎപിയുടെ സഞ്ജയ് സിങ് ഇതിനെ എതിര്‍ത്തു. ഒച്ച വയ്ക്കുകയും ചെയ്തു.

ഒരാള്‍ സംസാരിക്കുമ്പോള്‍ ഇടയില്‍ കയറരുതെന്ന് വെങ്കയ്യ നായിഡു വിഷയത്തില്‍ ഇടപെട്ട് സഞ്ജയെ ഓര്‍മിപ്പിച്ചു. മാത്രമല്ല, സഞ്ജയ്‌ന്റെ പരാമര്‍ശങ്ങള്‍ സഭാനടപിയില്‍ നീക്കം ചെയ്യുമെന്നും അറിയിച്ചു. പിന്നെയും സഞ്ജയ് ഒച്ചവച്ചപ്പോള്‍ വെങ്കയ്യനായിഡു രോഷാകുലനായി. നിങ്ങളാണോ ഡല്‍ഹിയിലെ മന്ത്രി എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. സഭയില്‍ വരുന്നവര്‍ സഭയുടെ അന്തസ്സ് കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

പത്രക്കുറിപ്പുകളും മാസ്‌കുകളും വെള്ളക്കുപ്പികളുമായി സഭയിലെത്തരുതെന്ന് വിജയ് ഗോയലിനും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ജലമലിനീകരണത്തെ കുറിച്ച് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിന്റെ പത്രകട്ടിങ്ങും ഒരു വാട്ടര്‍ ബോട്ടിലും മാസ്‌കുമായാണ് അദ്ദേഹം ഇന്ന് സഭയിലെത്തിയത്. ഇത്തരം വസ്തുക്കളുമായി സഭയിലെത്തുന്നത് അനധികൃതമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.


Tags: