കെ റെയില്‍ യാഥാര്‍ഥ്യമായാല്‍ വാഹന ഉപയോഗം കുറയും: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

Update: 2022-05-17 08:46 GMT

കണ്ണൂര്‍: കെ റെയില്‍ യാഥാര്‍ഥ്യമായാല്‍ കേരളത്തില്‍ ആയിരക്കണക്കിന് വാഹനങ്ങളുടെ ഉപയോഗം കുറയുമെന്ന് തദ്ദേശ സ്വയംഭരണഎക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ജില്ലയിലെ 89 പോള്‍ മൗണ്ടഡ് ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സെന്ററുകളുടെയും കണ്ണൂര്‍ ടൗണ്‍, വളപട്ടണം ഫാസ്റ്റ് ചാര്‍ജിംഗ് സ്‌റ്റേഷനുകളുടെയും ഉദ്ഘാടനം മയ്യിലില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

മലിനീകരണം കുറക്കാന്‍ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കണമെന്ന് മന്ത്രി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം ലോകം ഗൗരവമായി ചര്‍ച്ച ചെയ്യുന്ന വിഷയമാണ്. കാര്‍ബണ്‍ ന്യൂട്രല്‍ സംസ്ഥാനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനായി വനവല്‍ക്കരണം അനിവാര്യമാണ് മന്ത്രി പറഞ്ഞു.

വൈദ്യുതി വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാറിന്റെ ഇവാഹന നയത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും ചാര്‍ജിംഗ് സ്‌റ്റേഷന്‍ സ്ഥാപിക്കാനുള്ള നോഡല്‍ ഏജന്‍സി കെഎസ്ഇബിയാണ്. ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും ഇലക്ട്രിക് പോസ്റ്റുകളില്‍ സ്ഥാപിച്ച പോള്‍ മൗണ്ടഡ് ചാര്‍ജിംഗ് സെന്ററുകള്‍ ഇരുചക്ര വാഹനങ്ങള്‍, ഓട്ടോറിക്ഷകള്‍ എന്നിവയ്ക്കും ഫാസ്റ്റ് ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ നാല് ചക്ര വാഹനങ്ങള്‍ക്കും വേണ്ടിയുമാണ്. മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെ ഇവയില്‍നിന്ന് ഇ വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാം.

എല്ലാ ജില്ലകളിലുമായി 62 ഫാസ്റ്റ് ചാര്‍ജിംഗ് സ്‌റ്റേഷനുകളും 1165 പോള്‍ മൗണ്ടഡ് ചാര്‍ജിംഗ് സെന്ററുകളുമാണ് കെഎസ്ഇബി സ്ഥാപിക്കുന്നത്. 2020ല്‍ കെഎസ്ഇബി സംസ്ഥാനത്ത് പൂര്‍ത്തിയാക്കിയ നാല് ചക്ര വാഹനങ്ങള്‍ക്കുള്ള ആറ് ചാര്‍ജിംഗ് സ്‌റ്റേഷനുകളില്‍ ഒന്ന് കണ്ണൂരില്‍ ചൊവ്വ സബ്‌സ്‌റ്റേഷന്‍ പരിസരത്തായിരുന്നു.

Tags:    

Similar News