വന്ദേഭാരത് ട്രയിനും കേന്ദ്ര ബജറ്റും; കെ റെയില്‍ പദ്ധതി ഉപേക്ഷിക്കണമെന്ന പ്രതിപക്ഷ ആവശ്യം ശക്തമാകുന്നു

Update: 2022-02-02 06:47 GMT

ഇത്തവണത്തെ കേന്ദ്ര ബജറ്റില്‍ കേരളത്തിന് വേണ്ടതൊന്നും നീക്കിവച്ചിട്ടില്ലെങ്കിലും കേരള സര്‍ക്കാരിന്റെ പുതിയൊരു പദ്ധതിയെ അടപടലം തകര്‍ക്കുന്ന നീക്കമാണ് ഒളിപ്പിച്ചുവച്ചിരിക്കുന്നത്. ഇത്തവണത്തെ കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ച 400 വന്ദേഭാരത് ട്രെയിനുകളാണ് സില്‍വര്‍ലൈന്‍ വിവാദത്തെ പുതിയൊരു ദിശയിലേക്ക് തിരിച്ചുവിട്ടിരിക്കുന്നത്.

സില്‍വര്‍ ലൈന്‍ കാര്യത്തില്‍ കോണ്‍ഗ്രസ്സുകാര്‍ക്കിടയിലെ എതിര്‍പ്പിനെപ്പോലും മറികടന്ന് കേരള സര്‍ക്കാരിനൊപ്പം നിന്ന തിരുവനന്തപുരം എംപി ശശി തരൂര്‍ പോലും നിലപാട് മാറ്റി. ഫേസ് ബുക്കിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം പങ്കുവച്ചത്.

''ഇന്നവതരിപ്പിക്കപ്പെട്ട കേന്ദ്ര ബജറ്റില്‍ കേരളത്തെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായത് മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയുള്ള 400 പുതിയ വന്ദേഭാരത് ട്രെയിനുകളുടെ പ്രഖ്യാപനമാണ്. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഈ പദ്ധതി ഇപ്പോള്‍ കേരളത്തില്‍ പ്രഖ്യാപിച്ചിട്ടുള്ള കെ റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതിയെക്കാള്‍ ചെലവ് കുറഞ്ഞതും ഊര്‍ജ്ജകാര്യക്ഷമമായതുമായ ഒരു ബദലാകുമോ എന്ന് നോക്കേണ്ടത് അത്യാവശ്യമാണ്. വന്ദേ ഭാരത് ട്രെയിനുകളുടെ സേവനം കേരളത്തിന് ലഭിക്കുകയാണെങ്കില്‍ കേരളത്തിന്റെ വികസനത്തിന് വേണ്ടി സംസ്ഥാനത്തിന്റെ ഒരറ്റത്ത് നിന്നും മറ്റേ അറ്റത്തേക്ക് വേഗതയുള്ള ഗതാഗത സൗകര്യം എന്ന സര്‍ക്കാരിന്റെ ആവശ്യകതക്കും അതേ സമയം പ്രതിപക്ഷത്തിന്റെ പ്രസ്തുത പദ്ധതിയുടെ സാമ്പത്തിക ബാധ്യത, ഭൂമി ഏറ്റെടുക്കല്‍, പരിസ്ഥിതി ആഘാതവുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്കുള്ള പരിഹാരവുമായേക്കാ''മെന്നാണ് തരൂര്‍ തന്റെ ഫേസ് ബുക്ക് പേജില്‍ കുറിച്ചത്.

സില്‍വര്‍ ലൈന്‍ അനാവശ്യ പദ്ധതിയാണെന്ന യുഡിഎഫിന്റെയും ബിജെപിയുടെയും വാദങ്ങള്‍ക്ക് ശക്തിപകരുന്നതാണ് പുതിയ പ്രഖ്യാപനം. 200 കിലോമീറ്റര്‍ വേഗതയില്‍ ഓടിക്കാന്‍ ഉദ്ദേശിക്കുന്ന ട്രെയിന്‍ നെറ്റ് വര്‍ക്കാണ് സില്‍വര്‍ ലൈന്‍. വന്ദേ ഭാരതാവട്ടെ 180-200 കിലോമീറ്റര്‍ വേഗതയിലാണ് ഓടിക്കുന്നത്. ഇത്തരമൊരു പദ്ധതി കേരളത്തെ സംബന്ധിച്ചിടത്തോളം സില്‍വര്‍ ലൈനേക്കാള്‍ ലാഭകരമായിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും വാദിക്കുന്നു.

'നിര്‍ദിഷ്ട വന്ദേ ഭാരത് ട്രെയിനുകള്‍ മണിക്കൂറില്‍ 160 കിലോമീറ്റര്‍ മുതല്‍ 180 കിലോമീറ്റര്‍ വരെ വേഗതയില്‍ പ്രവര്‍ത്തിക്കും, പദ്ധതിയുടെ മുഴുവന്‍ ചെലവും റെയില്‍വേ വഹിക്കും. അതിനാല്‍, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും സംസ്ഥാന ഖജനാവിന് ഭാരമുണ്ടാക്കുകയും ചെയ്യുന്ന സില്‍വര്‍ ലൈന്‍ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധിക്കണം''- സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സില്‍വര്‍ലൈന് കേന്ദ്രത്തിന്റെ അനുമതി ലഭിച്ചുവെന്ന് കേരള സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ബജറ്റില്‍ അതിന്റെ സൂചനകളൊന്നുമില്ലെന്നത് അതിന്റെ ഭാവി തീരുമാനിക്കപ്പെട്ടുകഴിഞ്ഞുവെന്ന് വ്യക്തമാക്കുന്നതായി കേന്ദ്ര മന്ത്രി വി മുരളീധരന്‍ പറഞ്ഞതും ചേര്‍ത്തുവായിക്കാവുന്നതാണ്. മുവായിരത്തോളം കോടി രൂപ കേന്ദ്ര വിഹിതമാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്.

ഈ സാഹചര്യത്തില്‍ കൂടുതല്‍ വന്ദേഭാരത് ട്രെയിനുവേണ്ടി കേരളം ആവശ്യപ്പെടണമെന്നാണ് പരിസ്ഥിതി വാദികളുടെ ആവശ്യം. അതേസമയം വന്ദേഭാരത് യാത്രാസമയം കാര്യമായി കുറയ്ക്കില്ലെന്ന അഭിപ്രായമുള്ളവരും വിമര്‍ശകരിലുണ്ട്.

വന്ദേഭാരത് ട്രയിനുകളില്‍ സംസ്ഥാനത്തിന് ആവശ്യമായ വിഹിതം വാങ്ങിയെടുക്കാന്‍ കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികള്‍ ശ്രമിക്കണമെന്ന ആവശ്യം പലരും ഉയര്‍ത്തിയിട്ടുണ്ട്. നിയമസഭ ഇടപെടണമെന്നാണ് ആവശ്യം.

ഇരട്ടപ്പാത നിര്‍മാണം പൂര്‍ത്തിയാക്കാനും മൂന്നാമതൊരു പാത നിര്‍മിക്കാനും സിഗ്നലിങ് സംവിധാനം ആധുനികവല്‍ക്കരിക്കാനും ശ്രമിക്കണമെന്ന് വിവിധ വിഭാഗങ്ങള്‍ ആവശ്യപ്പെടുന്നു. ചരക്ക് ഗതാഗത്തിന് മാത്രമായി ഒരു പാതയാണ് ചിലര്‍ ആവശ്യപ്പെടുന്നത്.

അതേസമയം വന്ദേഭാരത്, സില്‍വര്‍ ലൈന് പകരമാവില്ലെന്നാണ് സര്‍ക്കാര്‍ പക്ഷക്കാര്‍ പറയുന്നത്. മുന്‍ധനമന്ത്രി തോമസ് ഐസക് വാദിക്കുന്നത് അതാണ്. വന്ദേഭാരതിന്റെയും സില്‍വര്‍ലൈന്റെയും വേഗതകള്‍ തമ്മില്‍ താരതമ്യം ചെയ്യാനാവില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

എന്തായാലും വന്ദേഭാരതിന്റെ പ്രഖ്യാപനം കേരള രാഷ്ട്രീയത്തില്‍ പുതിയ ചില വിവാദങ്ങള്‍ക്ക് രൂപം നല്‍കിയേക്കുമെന്ന് ഏതാണ്ട് ഉറപ്പായി.

Tags:    

Similar News