വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവം; ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

Update: 2022-12-07 04:19 GMT

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് വിദഗ്ധ സമിതി രൂപീകരിച്ച് അന്വേഷണം നടത്തി റിപോര്‍ട്ട് നല്‍കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. കൈനകരി കായിത്തറ സ്വദേശി രാംജിത്തിന്റെ ഭാര്യ അപര്‍ണയും കുഞ്ഞുമാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമെതിരേ പ്രതിഷേധവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് അപര്‍ണയെ പ്രസവത്തിനായി ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ചത്.

നാലോടെ രാംജിത്തിന്റെ അമ്മയെ ഡോക്ടര്‍മാര്‍ അകത്തേക്ക് വിളിപ്പിച്ച് അപര്‍ണയ്ക്ക് ശസ്ത്രക്രിയ വേണ്ടിവരുമെന്നും പേപ്പറില്‍ ഒപ്പിട്ട് നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ പ്രസവം നടന്നു. എന്നാല്‍, കുഞ്ഞ് മരിച്ചു. കുഞ്ഞിനെ പുറത്തെടുക്കുമ്പോള്‍ ഹൃദയമിടിപ്പുണ്ടായിരുന്നില്ലെന്നും ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്നുമാണ് ഡോക്ടര്‍മാര്‍ ബന്ധുക്കളോട് പറഞ്ഞത്. ഇതിന് പിന്നാലെ ആശുപത്രിയില്‍ സംഘര്‍ഷ സാഹചര്യമുണ്ടായി. പ്രസവത്തിന് മുമ്പ് അപര്‍ണയ്ക്ക് യാതൊരു ആരോഗ്യപ്രശ്‌നവുമുണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് പോലിസെത്തിയാണ് സാഹചര്യം നിയന്ത്രിച്ചത്.

അന്വേഷണത്തിനായി മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോക്ടര്‍മാരുടെ ഒരു സമിതിയെ നിയോഗിച്ചിരുന്നു. ഇതിനു പിന്നാലെ ഇന്ന് പുലര്‍ച്ചെ അഞ്ചോടെ അപര്‍ണയും മരിക്കുകയായിരുന്നു. അപര്‍ണയുടെ ഹൃദയമിടിപ്പ് പെട്ടന്ന് താഴ്ന്നുവെന്നും ജീവന്‍ രക്ഷിക്കാനായില്ലെന്നുമാണ് ഡോക്ടര്‍മാര്‍ ബന്ധുക്കളോട് പറഞ്ഞത്. അടിയന്തര ചികില്‍സ നല്‍കാന്‍ സീനിയര്‍ ഡോക്ടര്‍മാരടക്കം ഇല്ലായിരുന്നുവെന്നും ഈ പിഴവാണ് അമ്മയുടെയും കുഞ്ഞിന്റെയും മരണത്തിന് കാരണമായതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ഡോക്ടമാര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ നടപടിയെടുക്കാതെ പോസ്റ്റുമോര്‍ട്ടം നടത്താന്‍ അനുവദിക്കില്ലെന്നാണ് ബന്ധുക്കളുടെ നിലപാട്. ലേബര്‍ റൂല്‍ പരിചരിച്ച ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ജീവനക്കാര്‍ക്കെതിരെയും ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.

Tags: