കേരളത്തിന് അര്‍ഹമായ വിഹിതം തടഞ്ഞു വയ്ക്കുന്ന വിഷയത്തില്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാരും ബിജെപി സംസ്ഥാന അധ്യക്ഷനും മറുപടി പറയണമെന്ന് വി ശിവന്‍കുട്ടി
തിരുവനന്തപുരം: കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ നിന്ന് കേരളത്തിന് അര്‍ഹമായ വിഹിതം തടഞ്ഞു വയ്ക്കുന്നതില്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാരും ബിജെപി സംസ്ഥാന അധ്യക്ഷനും ഉള്‍പ്പെടുന്നെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിഷയത്തില്‍ ഇവര്‍ മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ചുള്ള ഫണ്ടും ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള ഫണ്ടും അടിയന്തരമായി അനുവദിക്കാന്‍ കേന്ദ്രത്തിന് പ്രൊപ്പോസല്‍ നല്‍കിയിട്ടുണ്ട്. 2023-24 മുതല്‍ ഈ ഇനത്തില്‍ മാത്രം 440.87 കോടി രൂപ കേരളത്തിന് ലഭിക്കാനുണ്ടെന്നും 2023-24 വര്‍ഷത്തെ മൂന്നാം ഗഡു മുതല്‍ 2025-26 ഉള്‍പ്പെടെ ആകെ 1158 കോടി രൂപയാണ് സംസ്ഥാനത്തിന് മൊത്തത്തില്‍ കേന്ദ്രത്തില്‍ നിന്നും ലഭിക്കാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം..
കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ നിന്ന് കേരളത്തിന് അര്‍ഹമായ വിഹിതം തടഞ്ഞു വയ്ക്കുന്നത് കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാരും ബിജെപി സംസ്ഥാന അധ്യക്ഷനും?
സമഗ്ര ശിക്ഷാ കേരളയ്ക്ക് വിദ്യാഭ്യാസ അവകാശ നിയമപ്രകാരം നല്‍കാനുള്ള ഫണ്ട് കേന്ദ്രസര്‍ക്കാര്‍ ഉടന്‍ അനുവദിക്കണം. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനം കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ രണ്ടര വര്‍ഷത്തോളമായി സമഗ്രശിക്ഷയ്ക്കുള്ള ഫണ്ട് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരുന്നില്ല. വലിയൊരു ഇടവേളയ്ക്ക് ശേഷം 2025 നവംബര്‍ മാസത്തിലാണ് ഫണ്ട് ലഭ്യമായത്. 2025-26 വര്‍ഷത്തില്‍ അനുവദിച്ചിട്ടുള്ള 456 കോടി രൂപയില്‍, ഒന്നാം ഗഡുവായ 92.41 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ റിലീസ് ചെയ്തിട്ടുണ്ട്.
വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ചുള്ള ഫണ്ടും ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫണ്ടും അടിയന്തരമായി അനുവദിക്കാന്‍ കേന്ദ്രത്തിന് പ്രൊപ്പോസല്‍ നല്‍കിയിട്ടുണ്ട്. 2023-24 മുതല്‍ ഈ ഇനത്തില്‍ മാത്രം 440.87 കോടി രൂപ കേരളത്തിന് ലഭിക്കാനുണ്ട്. 2023-24 വര്‍ഷത്തെ മൂന്നാം ഗഡു മുതല്‍ 2025-26 ഉള്‍പ്പെടെ ആകെ 1158 കോടി രൂപയാണ് സംസ്ഥാനത്തിന് മൊത്തത്തില്‍ കേന്ദ്രത്തില്‍ നിന്നും ലഭിക്കാനുള്ളത്.
വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായി ലഭിക്കുന്ന ഫണ്ട് കുട്ടികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്കായാണ് വിനിയോഗിക്കുന്നത്. കുട്ടികള്‍ക്ക് സൗജന്യ യൂണിഫോം, പാഠപുസ്തകം,പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ കുട്ടികള്‍ക്കുള്ള ഹോസ്റ്റല്‍ ചെലവുകള്‍,
ഈ വിഭാഗങ്ങളിലെ കുട്ടികള്‍ക്കുള്ള യാത്രാനുകൂല്യങ്ങള്‍, അതിഥി തൊഴിലാളികളുടെ കുട്ടികളുടെയും, ഔട്ട് ഓഫ് സ്‌കൂള്‍ കുട്ടികളുടെയും പരിശീലനം, പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ ചെലവുകള്‍, സ്‌കൂള്‍ മെയിന്റനന്‍സ് എന്നിവയുടെ കേന്ദ്ര വിഹിതം സംസ്ഥാനത്തിന് അര്‍ഹതപ്പെട്ടതാണ്.
കൂടാതെ, സമഗ്രശിക്ഷയുടെ ഭാഗമായി സംസ്ഥാനത്ത് 169 ഓട്ടിസം സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ സെന്ററിലും ശരാശരി 60 കുട്ടികള്‍ക്ക് വീതം സേവനം ലഭിക്കുന്നു. സ്പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പി തുടങ്ങിയ സൗകര്യങ്ങള്‍ ഇവിടെ സൗജന്യമാണ്. പ്രത്യേക പരിശീലനം ലഭിച്ച സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരും ആയമാരും ഇവിടെ സേവനമനുഷ്ഠിക്കുന്നു. നിലവില്‍ അധ്യാപകര്‍ ഉള്‍പ്പെടെ 6870 ജീവനക്കാര്‍ എസ്.എസ്.കെ.യില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേന്ദ്ര ഫണ്ട് ലഭിക്കാതിരുന്ന കഴിഞ്ഞ രണ്ടര വര്‍ഷവും, പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കും ജീവനക്കാരുടെ ശമ്പളത്തിനുമുള്ള പണം മുടങ്ങാതെ നല്‍കിയത് സംസ്ഥാന സര്‍ക്കാരാണ്. കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ നിന്ന് കേരളത്തിന് അര്‍ഹമായ വിഹിതം തടഞ്ഞു വയ്ക്കുന്ന വിഷയത്തില്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാരും ബിജെപി സംസ്ഥാന അധ്യക്ഷനും മറുപടി പറയണം.

