യുക്രെയ്‌നില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ഡോ. വി ശിവദാസന്‍ എംപി

Update: 2022-02-24 14:40 GMT

ന്യൂഡല്‍ഹി; യുക്രെയ്‌നില്‍ കുടുങ്ങിയ ഇന്ത്യക്കാരെ എത്രയും വേഗം തിരികെ നാട്ടിലെത്തിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രിയോട് ഡോ. വി ശിവദാസന്‍ എംപി ആവശ്യപ്പെട്ടു.

യുക്രെയ്‌നിലെ സംഘര്‍ഷാന്തരീക്ഷം അസ്വസ്ഥതയുണ്ടാക്കുന്നതാണ്. ലോക സമാധാനത്തിന് യുദ്ധം വരുത്തിവെക്കുന്ന വിഘാതത്തോടൊപ്പം നാട്ടിലേക്ക് വരാനാകാതെ യുക്രെയ്‌നില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളുള്‍പ്പെടെയുള്ള ഇന്ത്യക്കാരനുഭവികുന്ന പ്രശ്‌നങ്ങളും പരിഗണിക്കണം. അവിടെ തുടരുന്ന ഇന്ത്യക്കാര്‍ ഭയത്തിലാണ് കഴിയുന്നത്. വിഭവങ്ങളുടെ ലഭ്യതക്കുറവും ജീവന്‍ ഭീഷണിയിലായതും നാട്ടിലെത്താന്‍ കഴിയാതിരിക്കുന്നതും അവരെ കടുത്ത ദുരിതത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

2,230 മലയാളികളടക്കം ഇരുപതിനായിരത്തോളം വിദ്യാര്‍ഥികളാണ് അവിടെ കുടുങ്ങിക്കിടക്കുന്നത്. യുക്രെയ്ന്‍ ജനത രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളിലേക്ക് പലായനം ചെയ്യുകയാണ്. സൈറണുകള്‍ മുഴങ്ങുമ്പോള്‍ സുരക്ഷിതമായ ഭൂഗര്‍ഭ കെട്ടിടങ്ങളില്‍ കയറാനുള്ള നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. അരക്ഷിതമായ ഈ സാഹചര്യം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ബുദ്ധിമുട്ടിക്കുന്നു. ടിക്കറ്റ് നിരക്കുകള്‍ കുതിച്ചുയര്‍ന്നതും വിമാനങ്ങള്‍ റദ്ദാക്കുന്നതും പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. രണ്ടും മൂന്നും മടങ്ങാണ് ഇപ്പോള്‍ എയര്‍ ഇന്ത്യ അടക്കമുള്ള കമ്പനികള്‍ ഈടാക്കുന്നത്. ഒരു ലക്ഷം രൂപ കൊടുത്താല്‍ പോലും ടിക്കറ്റ് കിട്ടാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തില്‍ അടിയന്തിരമായി പ്രത്യേക വിമാനങ്ങളില്‍ ഇന്ത്യന്‍ പൗരന്മാരെ തിരികെ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്നും എം പി ആവശ്യപ്പെട്ടു.

Tags:    

Similar News