വിഢിത്തം വിളമ്പി മറ്റൊരു ബിജെപി നേതാവ് കൂടി: അമേരിക്ക 200 വര്‍ഷം ഇന്ത്യ ഭരിച്ചുവെന്ന് ഉത്തരഖണ്ഡ് മുഖ്യമന്ത്രി

Update: 2021-03-22 01:05 GMT

ഡെഹ്‌റാദൂണ്‍: അബദ്ധജഡിലമായ കാര്യങ്ങള്‍ പറഞ്ഞ് പരിഹാസ്യരാകുന്ന ബിജെപി നേതാക്കളുടെ പട്ടികയിലേക്ക് മറ്റൊരാള്‍ കൂടി. ഉത്തരഖണ്ഡ് മുഖ്യമന്ത്രി തിരത് സിങ് റാവത്ത് ആണ് കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യങ്ങള്‍ ഇന്ത്യയുടെ ചരിത്രമാണെന്ന തരത്തില്‍ പറഞ്ഞത്. ഇന്ത്യയെ അമേരിക്ക 200 വര്‍ഷം അടിമകളാക്കിയെന്നാണ് അദ്ദേഹം പുതുതായി കണ്ടെത്തിയത്. 'നമ്മെ 200 വര്‍ഷക്കാലം അടിമകളാക്കുകയും ലോകം മുഴുവന്‍ ഭരിക്കുകയും ചെയ്ത അമേരിക്കയിപ്പോള്‍ കൊറോണ വൈറസ് വ്യാപനത്തെ നിയന്ത്രിക്കാനായി ബുദ്ധിമുട്ടുകയാണ്' എന്നായിരുന്ന റാവത്ത് ഒരു പ്രസംഗത്തില്‍ പറഞ്ഞത്.

കൊവിഡിനെ നേരിടുന്നതില്‍ ഇന്ത്യ മറ്റ് രാജ്യങ്ങളെക്കാള്‍ മുന്നിലാണെന്ന് അവകാശപ്പെടുന്നതിനിടെയാണ് ഉത്തരഖണ്ഡ് മുഖ്യമന്ത്രി അമേരിക്കയെക്കുറിച്ച് പ്രസംഗിച്ചത്. 'ലോകത്ത് ആരോഗ്യ പരിപാലനത്തില്‍ മുന്നില്‍ നില്‍ക്കുമ്പോഴും അമേരിക്കയില്‍ 50 ലക്ഷം കോവിഡ് മരണങ്ങളാണുള്ളത്. അവര്‍ വീണ്ടും ലോക്ഡൗണിലേക്ക് പോവുകയാണ്. ഇന്ത്യയില്‍ മോദിക്ക് പകരം മറ്റാരെങ്കിലുമാണ് പ്രധാനമന്ത്രി ആയിരുന്നതെങ്കില്‍ എന്താവുമായിരുന്നെന്ന് പറയാന്‍ കഴിയില്ല. നമ്മള്‍ ഒരു മോശം അവസ്ഥയിലായിരുന്നു, പ്രധാനമന്ത്രി നമുക്ക് ആശ്വാസം നല്‍കി' റാവത്ത് പറഞ്ഞു. 1979 മുതല്‍ 2002 വരെ ആര്‍എസ്എസിന്റെ ഉത്തരഖണ്ഡ് ഓര്‍ഗനൈസിങ് സെക്രട്ടറിയായിരുന്ന റാവത്ത് ബിജെപിയുടെ സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന നേതാവാണ്.

മുന്‍പ് പെണ്‍കുട്ടികളുടെ വസ്ത്രധാരണത്തെ സംബന്ധിച്ച് പ്രസംഗിച്ചപ്പോഴും തിരത് സിങ് റാവത്ത് വിവാദത്തിലായിരുന്നു. പിന്നീട് ഇതിന്റെ പേരില്‍ മാപ്പുപറയേണ്ടിയും വന്നിരുന്നു.




Tags: