ഇന്ത്യയും ചൈനയും ഉള്‍പ്പെടെ 16 സാമ്പത്തിക ശക്തികള്‍ക്കെതിരേ യുഎസിന്റെ വ്യാപാര അന്വേഷണം
വാഷിങ്ടണ്‍: ഇന്ത്യയും ചൈനയും ഉള്‍പ്പെടെ 16 പ്രധാന സാമ്പത്തിക ശക്തികള്‍ക്കെതിരേ വ്യാപാര അന്വേഷണം ആരംഭിക്കാന്‍ യുഎസ് ഭരണകൂടം തീരുമാനിച്ചു. പുതിയ ഇറക്കുമതി തീരുവകള്‍ ചുമത്തുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായാണ് അന്വേഷണം ആരംഭിച്ചതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
ഇന്നലെയാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ട്രേഡ് റെപ്രസന്റേറ്റീവ് ഓഫീസ് 1974ലെ വ്യാപാരനിയമത്തിലെ സെക്ഷന്‍ 301 പ്രകാരം രണ്ടു വ്യത്യസ്ത അന്വേഷണങ്ങള്‍ പ്രഖ്യാപിച്ചത്. ഇതില്‍ ഒന്നില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള പ്രധാന വ്യാപാര പങ്കാളികളിലെ അധിക വ്യാവസായിക ഉല്‍പാദന ശേഷി പരിശോധിക്കും. മറ്റൊന്ന് നിര്‍ബന്ധിത തൊഴില്‍ ഉപയോഗിച്ച് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വസ്തുക്കളുമായി ബന്ധപ്പെട്ടാണ്.
വിദേശ രാജ്യങ്ങളുടെ അന്യായ വ്യാപാര രീതികള്‍ യുഎസ് ബിസിനസ്സുകളെ ബാധിക്കുന്നുണ്ടോയെന്ന് പരിശോധിച്ച് അവര്‍ക്കെതിരേ നടപടിയെടുക്കാന്‍ യുഎസ് ഭരണകൂടത്തെ അനുവദിക്കുന്നതാണ് സെക്ഷന്‍ 301. യുഎസ് ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ ഏകപക്ഷീയ വ്യാപാര നടപടികളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു. ലോക വ്യാപാര സംഘടനയുടെ അനുമതിയില്ലാതെയും വ്യാപാര നടപടികള്‍ സ്വീകരിക്കാന്‍ ഈ നിയമം യുഎസിന് അനുവദിക്കുന്നു. സാമ്പത്തിക അടിയന്തരാവസ്ഥ ചൂണ്ടിക്കാട്ടി താരിഫുകള്‍ ഏര്‍പ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന യുഎസ് സുപ്രിംകോടതി വിധിക്ക് പിന്നാലെ ആഗോള താരിഫ് നയം പുനരുജ്ജീവിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ നീക്കമെന്ന വിലയിരുത്തലുമുണ്ട്. ട്രംപ് മുന്നോട്ടുവച്ച വ്യാപാര നയരീതികളുടെ ഭാഗമായും ഇതിനെ കാണപ്പെടുന്നു. അമേരിക്കന്‍ തൊഴിലവസരങ്ങള്‍ സംരക്ഷിക്കുകയാണ് പ്രധാന ലക്ഷ്യമെന്നും യുഎസ് വ്യാപാര പ്രതിനിധിയായ ജാമിസിണ്‍ ഗീര്‍ പറഞ്ഞു.
ഇന്ത്യക്കും ചൈനക്കും പുറമെ യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, മെക്‌സിക്കോ, തായ്‌വാന്‍, വിയറ്റ്‌നാം, തായ്‌ലന്‍ഡ്, മലേഷ്യ, കംബോഡിയ, സിംഗപ്പൂര്‍, ഇന്തോനേഷ്യ, ബംഗ്ലാദേശ്, സ്വിറ്റ്‌സര്‍ലന്‍ഡ്, നോര്‍വെ തുടങ്ങിയ രാജ്യങ്ങളും യുഎസ് അന്വേഷണ പരിധിയിലുണ്ട്.
ആഗോള ആവശ്യകതയെക്കാള്‍ കൂടുതലായി ഉല്‍പ്പാദനം നടത്തുന്ന രാജ്യങ്ങളെക്കുറിച്ച് യുഎസ് പ്രത്യേകമായി പരിശോധിക്കുമെന്നും ഗ്രീര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ സബ്‌സിഡികളും കുറഞ്ഞ പലിശ വായ്പകളും അമിത ഉല്‍പാദനത്തെ പ്രോല്‍സാഹിപ്പിക്കുന്നുണ്ടോയെന്നും അന്വേഷണ വിധേയമാക്കും. വിലകുറഞ്ഞ ഉല്‍പന്നങ്ങള്‍ ആഗോള വിപണിയില്‍ നിറയുന്നത് യുഎസ് വ്യവസായങ്ങളെ ബാധിച്ചേക്കാം എന്നതാണ് കാരണം. ഇതോടൊപ്പം നിര്‍ബന്ധിത തൊഴില്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന വസ്തുക്കളുടെ ഇറക്കുമതി തടയുന്നതിനായി മറ്റൊരു അന്വേഷണം കൂടി ആരംഭിക്കുമെന്നും വ്യാപാര പ്രതിനിധി ഓഫീസ് അറിയിച്ചു. 60ലധികം രാജ്യങ്ങളെയാണ് ഈ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തുക.

