ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ ആക്രമണം: സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശവുമായി ആഭ്യന്തര മന്ത്രാലയം

Update: 2026-03-02 06:53 GMT

ന്യൂഡല്‍ഹി: ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജാഗ്രതാനിര്‍ദ്ദേശം നല്‍കി. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് രാജ്യത്തിനകത്ത് അശാന്തിക്ക് ഇടയാക്കുന്ന തരത്തിലുള്ള പ്രകോപന പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തി, അതിന് ഉത്തരവാദികളാകുന്നവരെ തിരിച്ചറിയുകയും ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു

ഫെബ്രുവരി 28ന് പുറപ്പെടുവിച്ച സര്‍ക്കുലറിലൂടെ സംസ്ഥാന സര്‍ക്കാരുകള്‍ക്കും വിവിധ സുരക്ഷാ ഏജന്‍സികള്‍ക്കും ഉയര്‍ന്ന ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാമൂഹിക ഐക്യം തകര്‍ക്കാനിടയാക്കുന്ന വ്യാജവാര്‍ത്തകള്‍ക്കും പ്രകോപന പ്രചാരണങ്ങള്‍ക്കുമെതിരേ കര്‍ശന നിരീക്ഷണം ഉറപ്പാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

ഇറാനെതിരായ ഇസ്രായേല്‍-യുഎസ് സംയുക്താക്രമണത്തെ തുടര്‍ന്നുണ്ടായ പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ കേന്ദ്ര സുരക്ഷാ കാര്യ മന്ത്രിസഭാ സമിതി (സിസിഎസ്) വിലയിരുത്തി. വിദേശത്തുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായിടത്ത് സഹായം ലഭ്യമാക്കുന്നതിനുമായി അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയതായി അധികൃതര്‍ അറിയിച്ചു. പ്രത്യേകിച്ച് യാത്രക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും താത്കാലിക താമസവും മറ്റു സൗകര്യങ്ങളും ഒരുക്കുന്നതിന് മുന്‍ഗണന നല്‍കും.

ഇതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായ് ടെലിഫോണ്‍ സംഭാഷണം നടത്തി. ഇരുവരും പ്രാദേശിക സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. ശത്രുത എത്രയും വേഗം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത മോദി ഊന്നിപ്പറഞ്ഞതായും, സാധാരണക്കാരുടെ സുരക്ഷ മുന്‍ഗണനയായി തുടരണമെന്ന് വ്യക്തമാക്കി ഇന്ത്യയുടെ ആശങ്കകള്‍ അറിയിച്ചതായും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പശ്ചിമേഷ്യയിലെ വികസ്വര സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന മന്ത്രിസഭാ സുരക്ഷാ സമിതി യോഗത്തിലും പ്രധാനമന്ത്രി അധ്യക്ഷത വഹിച്ചു. യുദ്ധസാഹചര്യം കേന്ദ്രം നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും വിദേശത്തുള്ള ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു അറിയിച്ചു.

Tags: