വാഷിങ്ടണ്‍: സിറിയയില്‍ അമേരിക്കയുടെ വ്യോമാക്രമണം. 'ഓപ്പറേഷന്‍ ഹോക്കൈ സ്‌ട്രൈക്ക്' അമേരിക്കന്‍ സൈന്യത്തിനു നേരെ ഡിസംബര്‍ 13ന് നടന്ന ഐഎസ് ആക്രമണത്തിനുള്ള മറുപടിയെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സേത്ത് വ്യക്തമാക്കി. നിരവധി ഐഎസുകാരെ വധിച്ചതായും പ്രതികാരനടപടികള്‍ തുരുമെന്നും അമേരിക്ക അറിയിച്ചു. നൂറുകണക്കിന് മിസൈലുകള്‍ ഉപയോഗിച്ച് മധ്യസിറിയയിലെ എഴുപതിലധികം ലക്ഷ്യകേന്ദ്രങ്ങള്‍ ആക്രമിച്ചുവെന്നും ജോര്‍ദാനില്‍ നിന്നുള്ള പോര്‍വിമാനങ്ങളും ഓപ്പറേഷനില്‍ പങ്കെടുത്തുവെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി.
അമേരിക്കന്‍ ആക്രമണത്തിന് സിറിയന്‍ പ്രസിഡന്റിന്റെ പൂര്‍ണ പിന്തുണയുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഐഎസ് അംഗങ്ങളെയും അവരുടെ അടിസ്ഥാന സൗകര്യങ്ങളും ആയുധകേന്ദ്രങ്ങളും ഇല്ലാതാക്കുന്നതിനായി യുഎസ് സൈന്യം സിറിയയില്‍ ഓപ്പറേഷന്‍ ഹോക്കേയ് സ്‌ട്രൈക്ക് ആരംഭിച്ചതായി പെന്റഗണ്‍ മേധാവി സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചു. അമേരിക്കക്കാരെ നിങ്ങള്‍ ലക്ഷ്യംവെച്ചാല്‍ എവിടെയാണെങ്കിലും നിങ്ങളെ വേട്ടയാടുമെന്നും ക്രൂരമായി കൊല്ലുമെന്നും പെന്റഗണ്‍ മേധാവി മുന്നറിയിപ്പ് നല്‍കി.
സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍ ഷറയ്ക്ക് നിയന്ത്രണമില്ലാത്ത മേഖലയിലാണ് അമേരിക്കന്‍ സൈന്യത്തിനു നേരെ കഴിഞ്ഞയാഴ്ച ഐഎസ് ആക്രമണം നടന്നത്. ആക്രമണത്തില്‍ രണ്ട് സൈനികരും ഒരു അമേരിക്കന്‍ പൗരനും കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.
അത്യാധുനിക യുദ്ധവിമാനങ്ങളായ എഫ്15 ഈഗിള്‍, എ10 തണ്ടര്‍ബോള്‍ട്ട് തുടങ്ങിയവയും എഎച്ച്65 അപാച്ചെ ഹെലികോപ്റ്ററുകളും അടക്കം ഉപയോഗിച്ചാണ് യുഎസ് സൈന്യം ഐഎസ് കേന്ദ്രങ്ങളില്‍ തിരിച്ചടി നടത്തിയതെന്നാണ് വിവരം. ജോര്‍ദാനില്‍നിന്നുള്ള അമേരിക്കയുടെ എഫ്16 യുദ്ധവിമാനങ്ങളും ഹിമാര്‍സ് മിസൈലുകളും യുഎസ് സേന ഉപയോഗിച്ചതായും റിപോര്‍ട്ടുകളില്‍ പറയുന്നു.
