അയോധ്യയിലെ രാമക്ഷേത്രത്തെ വിമര്‍ശിച്ച് ട്വീറ്റ്: മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയയെ യുപി പോലിസ് അറസ്റ്റ് ചെയ്തു

Update: 2020-08-18 19:04 GMT

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയയെ യുപി പോലിസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ വസതിയില്‍ നിന്നാണ് കനോജിയയെ പോലിസ് അറസ്റ്റ് ചെയ്തത്.

ലഖ്‌നോ ഹസ്രത്ഗഞ്ച് പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഒരു എഫ്‌ഐആറിന്റെ പേരിലാണ് അറസ്റ്റെന്നാണ് വിവരം.

കനോജിയ ഹിന്ദു ആര്‍മി നേതാവ് സുശില്‍ തിവാരിയുടെ ഒരു മോര്‍ഫ് ചെയ്ത ഫോട്ടോ ഉപയോഗിച്ച് അയോധ്യയിലെ രാമക്ഷേത്രത്തില്‍ ദലിതരെയും ആദിവാസികളെയും ഒബിസിക്കാരെയും പ്രവേശിപ്പിക്കുകയില്ലെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുവെന്നാണ് എഫ്‌ഐആര്‍ പറയുന്നത്.

''ആഗസ്റ്റ് 17ന് ഹിന്ദു ആര്‍മി നേതാവ് സുശില്‍ തിവാരിയുടെ ഒരു ഫോട്ടോ മോര്‍ഫ് ചെയ്ത് അദ്ദേഹത്തെ അപമാനിക്കത്തക്കവിധം സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റിട്ട് പ്രചരിപ്പിച്ചു. രാമക്ഷേത്രത്തില്‍ തിവാരിയുടെ നിര്‍ദേശപ്രകാരം ദലിതരുടെയും ആദിവാസികളുടെയും പിന്നാക്കക്കാരുടെയും പ്രവേശനം തടയുമെന്ന് ഒരു പ്രശാന്ത കനോജിയ എഴുതിയിരിക്കുന്നു. സുശീല്‍ തിവാരിയുടെ പോസ്‌റ്റെന്ന നിലയില്‍ ഇത് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു''- എഫ്‌ഐആറില്‍ ആരോപിക്കുന്നു.

''പോസ്റ്റ് വൈറലായി വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ഇത്തരം പോസ്റ്റുകള്‍ മതസൗഹാര്‍ദ്ദത്തെ ഗുരുതരമായി ബാധിക്കും. വ്യത്യസ്ത മതങ്ങള്‍ തമ്മില്‍ സ്പര്‍ധ സൃഷ്ടിക്കും. മതവികാരത്തെ വൃണപ്പെടുത്തും. ക്രമസമാധാനപ്രശ്‌നം ഉണ്ടാക്കും''- എഫ്‌ഐആറില്‍ പറയുന്നു.

ഐപിസി 66 എ അടക്കം ഐപിസിയുടെ 9 വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപമാനിച്ചുവെന്ന പേരില്‍ കഴിഞ്ഞ വര്‍ഷം ജൂണിലും കനോജിയയെ യുപി പോലിസ് അറസ്റ്റ്‌ചെയ്തിരുന്നു.  

Tags:    

Similar News