മദ്രസകളെയും വേട്ടയാടാനൊരുങ്ങി യുപി എടിഎസ്; നാലായിരം മദ്രസകളെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്ന് റിപോര്‍ട്ട്
ലഖ്‌നോ: മദ്രസകളെയും വേട്ടയാടാനൊരുങ്ങി ഉത്തര്‍പ്രദേശിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്). നാലായിരം മദ്രസകളെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്നാണ് റിപോര്‍ട്ട്. മദ്രസകള്‍ക്കുള്ള ദേശീയ, അന്തര്‍ദേശീയ ധനസഹായത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി, മദ്രസകളുടെ ധനസഹായം കേന്ദ്രീകരിച്ചാണ് അന്വേഷണം. അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍, വിശദമായ റിപോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കും. അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നാണ് വിവരം.
തീവ്രവാദത്തെ ചെറുക്കുന്നതിനാണ് ആന്റി ടെററിസം സ്‌ക്വാഡ് (എടിഎസ്) രൂപീകരിച്ചതെന്ന് പറഞ്ഞു. ഇതുവരെ ഒരു തീവ്രവാദ സംഭവത്തിലും മദ്രസകളുടെ പങ്കാളിത്തം കണ്ടെത്തിയിട്ടില്ല. എന്നിട്ടും എടിഎസ് മദ്രസകളെക്കുറിച്ച് അന്വേഷിക്കുന്നത് ഖേദകരമാണെന്ന് ഉത്തര്‍പ്രദേശിലെ ടീച്ചേഴ്സ് അസോസിയേഷന്‍ മദ്രസ അറേബ്യയുടെ ജനറല്‍ സെക്രട്ടറി ദിവാന്‍ സാഹിബ് സമാന്‍ ഖാന്‍ പറഞ്ഞു.
മദ്രസ സൊസൈറ്റിയുടെ ബാങ്ക് അക്കൗണ്ടും മാനേജരുടെ അക്കൗണ്ട് നമ്പറും അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതുജനങ്ങളുടെ സംഭാവന ഉപയോഗിച്ചാണ് മദ്രസകള്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നതെന്നും, ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ രസീതുകള്‍ ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍, ഒരു നിശ്ചിത കാലയളവിനുശേഷം അക്കൗണ്ടുകള്‍ ആവശ്യപ്പെടുന്നതിന് ഒരു ന്യായീകരണവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിരന്തരമായ അന്വേഷണങ്ങള്‍ കാരണം, വിദ്യാഭ്യാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പോലും ആര്‍ക്കും സാധിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
