ബിജെപിക്ക് എതിരേ ഐക്യപ്പെടുക: പ്രമുഖ പാര്‍ട്ടി നേതാക്കള്‍ക്ക് മമത ബാനര്‍ജിയുടെ കത്ത്

ഏകകക്ഷി ഭരണത്തിലൂടെ ഏകാധിപത്യം സ്ഥാപിക്കാനാണ് ബിജെപി ഉദ്ദേശിക്കുന്നത് എന്നും കത്തില്‍ പറയുന്നുണ്ട്.

Update: 2021-03-31 11:03 GMT
കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കു ശേഷം ബിജെപിക്ക് എതിരേ ഐക്യനിര രൂപപ്പെടുത്തുന്നതിന് ഒത്തുചേരണമെന്ന് അഭ്യര്‍ഥിച്ച് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്ക് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി കത്തയച്ചു. കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ക്കാണ് മമത കത്തയച്ചത്. ജനാധിപത്യത്തിനും ഭരണഘടനയ്ക്കുമെതിരായി പ്രവര്‍ത്തിക്കുന്ന ബിജെപിയെ ചെറുക്കുന്നതിന് രാജ്യത്തെ ജനങ്ങള്‍ക്ക് വിശ്വസനീയമായ ഒരു ബദല്‍ അവതരിപ്പിക്കുന്നതിന് സമയമായി എന്നാണ് കത്തില്‍ പറയുന്നത്. ഡല്‍ഹിയിലെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിന്റെ അവകാശങ്ങള്‍ കവര്‍ന്ന് കേന്ദ്രത്തിന്റെ പ്രതിനിധിയായ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന വിവാദമായ പുതിയ നിയമത്തെ കുറിച്ച് കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.


'ഭരണഘടനാപരമായ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും വിനിയോഗിക്കുന്നത് മറ്റു പാര്‍ട്ടികള്‍ക്ക് അസാധ്യമാക്കാനാണ് ബിജെപി ആഗ്രഹിക്കുന്നത്. സംസ്ഥാന സര്‍ക്കാരുകളുടെ അധികാരങ്ങള്‍ ദുര്‍ബലപ്പെടുത്താനും അവയെ കേവലം മുനിസിപ്പാലിറ്റികളായി തരംതാഴ്ത്താനും ബിജെപി ആഗ്രഹിക്കുന്നു. ഏകകക്ഷി ഭരണത്തിലൂടെ ഏകാധിപത്യം സ്ഥാപിക്കാനാണ് ബിജെപി ഉദ്ദേശിക്കുന്നത് എന്നും കത്തില്‍ പറയുന്നുണ്ട്.


സോണിയ ഗാന്ധിക്ക് പുറമെ സിപിഐ സിപിഎം നേതാക്കള്‍, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി മേധാവി ശരദ് പവാര്‍, ഡിഎംകെയുടെ സ്റ്റാലിന്‍, ശിവസേന മേധാവി ഉദ്ദവ് താക്കറെ, വൈ എസ് ആര്‍ കോണ്‍ഗ്രസ് മേധാവി ജഗന്‍ മോഹന്‍ റെഡ്ഡി, ബിജെഡി മേധാവി നവീന്‍ പട്‌നായിക്, തെലങ്കാന രാഷ്ട്ര സമിതി മേധാവി കെ ചന്ദ്രശേഖര്‍ റാവു സമാജാവാദി പാര്‍ട്ടി നേതാവ് , രാഷ്ട്രീയ ജനദളിന്റെ തേജസ്വി യാദവ്, ആം ആദ്മി പാര്‍ട്ടി മേധാവി അരവിന്ദ് കെജ്‌രിവാള്‍ എന്നിവര്‍ക്കാണ് കത്തയച്ചത്.




Tags: