നിര്‍ബന്ധിത മതംമാറ്റം എന്നെന്നേക്കുമായി നിരോധിക്കണമെന്ന് കേന്ദ്ര സാംസ്‌കാരിക, ടൂറിസം സഹമന്ത്രി

Update: 2020-12-30 01:00 GMT

ന്യൂഡല്‍ഡി: മധ്യപ്രദേശിലും വിവിധ ബിജെപി ഭരണസംസ്ഥാനങ്ങളിലും നടപ്പാക്കിയ മതംമാറ്റ വിരുദ്ധനിയമത്തിനെ ന്യായീകരിച്ച് കേന്ദ്ര സാംസ്‌കാരിക ടൂറിസം സഹമന്ത്രി പ്രഹഌദ് സിങ് പട്ടേല്‍. നിര്‍ബന്ധിത മതംമാറ്റം എന്നെന്നേക്കുമായി നിരോധിക്കണമെന്നും അത്തരം നിയമങ്ങള്‍കൊണ്ടുവരേണ്ടതുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. മധ്യപ്രദേശ് സര്‍ക്കാര്‍ കൊണ്ടുവന്ന ധര്‍ണ സ്വതന്ത്രത ഓര്‍ഡിനന്‍സ്, 2020 നിയമത്തെക്കുറിച്ചുള്ള അഭിപ്രായമാരാഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിത മതംമാറ്റത്തെകുറിച്ച് ഏറെ നാളായി പറയുകയാണ്. ഭീഷണിപ്പെുടത്തിയും ഭയപ്പെടുത്തിയും പ്രലോഭിപ്പിച്ചും മതം മാറ്റുന്നത് എന്നെന്നെക്കുമായി ഇല്ലാതാക്കണമെന്നും അതിനെതിരേ നിയമനിര്‍മാണം കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

''സംവാദത്തിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ലെങ്കില്‍ സ്വാഭാവികമായി നിയമങ്ങള്‍ ഉണ്ടാകണം. ചര്‍ച്ചകള്‍ തുടങ്ങിയിട്ട് ദശകങ്ങളായി. സമൂഹത്തില്‍ മതംമാറ്റത്തിനെതിരേ വികാരമുണ്ട്. ജനങ്ങളോട് ചോദിച്ചാല്‍ അവര്‍ ഇത്തരം നിയമങ്ങള്‍ക്ക് അനുകൂലമായിരിക്കും''- മന്ത്രി പറഞ്ഞു.

ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുകൊണ്ടുള്ള നിയമാണെന്ന പ്രതിപക്ഷ വിമര്‍ശനത്തെ കുറിച്ചുള്ള ചോദ്യത്തിന് തങ്ങളല്ല ലൗ ജിഹാദ് എന്ന വാക്ക് ഉണ്ടാക്കിയെടുത്തതെന്ന് മന്ത്രി പറഞ്ഞു.

മധ്യപ്രദേശ് മാത്രമല്ല, രാജ്യത്ത് ബിജെപി നേതൃത്വത്തിലുള്ള പല സംസ്ഥാന സര്‍ക്കാരുകളും മതംമാറ്റത്തിനെതിരേ നിയമമോ ഓര്‍ഡിനന്‍സോ കൊണ്ടുവന്നിട്ടുണ്ട്.മധ്യപ്രദേശ് സര്‍ക്കാര്‍ കൊണ്ടുവന്ന ധര്‍മ സ്വതന്ത്രത ഓര്‍ഡിനന്‍സ്, 2020 അനുസരിച്ച് നിര്‍ബന്ധിത മതംമാറ്റം നടത്തുന്നത് 10 വര്‍ഷം തടവും 1 ലക്ഷം പിഴയും വിധിക്കാവുന്ന കുറ്റമാണ്.

Tags:    

Similar News