ഏകീകൃത സൗജന്യ വാക്സിനേഷന്‍: സുപ്രിംകോടതിയില്‍ എസ്ഡിപിഐ ഹരജി ഫയല്‍ ചെയ്തു

Update: 2021-05-11 16:11 GMT

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ പൊതുതാല്‍പര്യ ഹരജി. മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. എ സെല്‍വിന്‍ രാജ മുഖാന്തിരം എസ്ഡിപിഐയാണ് ഹരജി നല്‍കിയിരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സൗജന്യവും ഏകീകൃതവുമായ വാക്സിനേഷന്‍ നല്‍കണം. വാക്‌സിനേഷന്‍ പദ്ധതി നിരീക്ഷിക്കുന്നതിനായി സുപ്രിംകോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ഒരു സ്വതന്ത്ര സംവിധാനം രൂപീകരിക്കണം- തുടങ്ങിയവയാണ് ഹരജിയിലെ പ്രധാന ആവശ്യങ്ങള്‍.

ഭരണഘടനയുടെ അനുച്ഛേദം 21 പ്രകാരം, ഇന്ത്യയിലെ ഓരോ വ്യക്തിക്കും സൗജന്യമായി വാക്സിനേഷന്‍ ലഭിക്കുന്നതിനുള്ള അവകാശമുണ്ട്. പകര്‍ച്ചവ്യാധി അതിവേഗം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ആളുകള്‍ യഥാസമയം ചികിത്സ ലഭിക്കാതെ മരിക്കുകയാണെന്നും ശ്മശാനങ്ങള്‍ രാവും പകലും പ്രവര്‍ത്തിക്കുകയാണെന്നും മരിച്ചവരെ സംസ്‌കരിക്കാന്‍ മണിക്കൂറുകളോളം കാത്തിരിക്കണ്ടേ അവസ്ഥയിലാണെന്നും രാജ്യത്തെ ജനങ്ങള്‍ വാക്‌സിനില്‍ മാത്രം പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയാണെന്നും ഹരജിയില്‍ പറയുന്നു. ഭൂരിപക്ഷം ആളുകള്‍ക്കും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള വ്യത്യസ്തമായ വില താങ്ങാന്‍ കഴിയില്ല. ദരിദ്രവിഭാഗങ്ങളുള്‍പ്പെടെയുള്ള വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് സൗജന്യമായി പ്രതിരോധ കുത്തിവയ്പ് നല്‍കിയാല്‍ അത് പൗരന്മാരുടെ പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നും ഹരജിയില്‍ പറയുന്നു.

Tags:    

Similar News