ഉംറ വിസ നിയമങ്ങളില്‍ മാറ്റം; 30 ദിവസത്തിനുള്ളില്‍ സൗദിയില്‍ പ്രവേശിക്കണം

Update: 2025-10-31 11:33 GMT

ജിദ്ദ: ഉംറ വിസ സംബന്ധിച്ച നിയമങ്ങളില്‍ മാറ്റം വരുത്തിയതായി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. ഇനി മുതല്‍ ഉംറ വിസ ലഭിച്ച തീര്‍ത്ഥാടകര്‍ 30 ദിവസത്തിനുള്ളില്‍ സൗദിയില്‍ പ്രവേശിക്കണം. നിശ്ചിത സമയപരിധിക്കുള്ളില്‍ പ്രവേശനം നടത്താത്ത പക്ഷം വിസ റദ്ദാകും. സൗദിയില്‍ പ്രവേശിച്ച തീര്‍ത്ഥാടകര്‍ക്ക് മൂന്നുമാസം വരെ താമസിക്കാനാകും. ഇതിന് മുന്‍പ് വിസ ലഭിച്ച ശേഷം മൂന്നുമാസത്തിനകം സൗദിയില്‍ പ്രവേശിച്ചാല്‍ മതിയായിരുന്നു. പുതിയ നിയമം അടുത്ത ആഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.

മക്കയിലെയും മദീനയിലെയും താപനില കുറയുകയും വേനല്‍ക്കാലം അവസാനിക്കുകയും ചെയ്തതോടെ ഉംറ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വലിയ വര്‍ധന പ്രതീക്ഷിക്കപ്പെടുന്നു. തീര്‍ത്ഥാടകരുടെ സുരക്ഷയും തിരക്ക് നിയന്ത്രണവും ഉറപ്പാക്കാനാണ് പുതിയ നടപടി ലക്ഷ്യമിടുന്നതെന്ന് ഉംറ സന്ദര്‍ശന ദേശീയ കമ്മിറ്റി ഉപദേഷ്ടാവ് അഹമ്മദ് ബജായ്ഫര്‍ വ്യക്തമാക്കി.

ജൂണില്‍ ആരംഭിച്ച പുതിയ ഉംറ സീസണില്‍ ഇതുവരെ 40 ലക്ഷം വിദേശ തീര്‍ത്ഥാടകര്‍ക്ക് വിസ നല്‍കിയതായി മന്ത്രാലയം അറിയിച്ചു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണത്തെ ഉംറ സീസണ്‍ റെക്കോര്‍ഡ് തീര്‍ത്ഥാടനം രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

Tags: