ആയിരം റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി യുക്രെയ്ന്‍

Update: 2022-02-25 14:36 GMT

കീവ്: നാറ്റോ വ്യാപനത്തിന്റെ പേരില്‍ റഷ്യ നടത്തുന്ന അധിനിവേശത്തെ യുക്രെയ്ന്‍ സൈന്യം ചെറുത്തുനില്‍ക്കുന്നതായും ഇതുവരെ ആയിരം റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായും യുക്രെയ്ന്‍.

രാജ്യം രൂപീകൃതമായ ശേഷം അവര്‍ക്ക് ഇത്രയേറെ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് യുക്രെയ്ന്‍ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു.

റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ റഷ്യന്‍ സേന യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ പ്രവേശിച്ചു. റഷ്യന്‍ ടാങ്കുകള്‍ തലസ്ഥാന നഗരത്തിലെ ജനവാസമേഖലകളിലെത്തി. കീവിലെ വടക്കന്‍ ജില്ലകളിലാണ് റഷ്യന്‍ സൈന്യമെത്തിയത്. ഹെലികോപ്റ്റര്‍ ഉപയോഗിച്ച് സൈനികര്‍ നഗരത്തിന് പുറത്തെത്തുകയും ഒബോലോണ്‍സ്‌കിക്ക് സമീപമുള്ള ഒരു എയര്‍ഫീല്‍ഡ് ആക്രമിക്കുകയും ചെയ്തു. വന്‍ സ്‌ഫോടന പരമ്പരയാണ് കീവിലുണ്ടായത്.

ജനവാസ മേഖലകളിലും ആക്രമണമുണ്ടായി. കനത്ത ആള്‍നാശമുണ്ടായതായും റിപോര്‍ട്ടുകളുണ്ട്. ഒറ്റരാത്രികൊണ്ട് നഗരം സ്‌ഫോടനങ്ങളാല്‍ തകര്‍ന്നു. നിരവധി ഫല്‍റ്റുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. റഷ്യന്‍ സേന കീവ് വളയാന്‍ ശ്രമിക്കുകയാണെന്നും താനും കുടുംബവും കീവില്‍തന്നെ തുടരുമെന്നും യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി പറഞ്ഞിരുന്നു. റഷ്യന്‍ ആക്രമണത്തില്‍ ഇതുവരെ സൈനികരും ജനങ്ങളും ഉള്‍പ്പെടെ 137 പേര്‍ കൊല്ലപ്പെട്ടുവെന്നും സെലന്‍സ്‌കി അറിയിച്ചു. പോരാട്ടത്തില്‍ രാജ്യം ഒറ്റയ്ക്കായിരുന്നെന്നും സഹായങ്ങള്‍ ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആയുധം താഴെ വയ്ക്കുകയാണെങ്കില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യന്‍ അധികൃതര്‍ അറിയിച്ചു.

Tags: