പിണറായിക്ക് ചന്ദ്രശേഖരനെ കൊന്നിട്ടും തീരാത്ത പക; യുഡിഎഫ് നാലു ചുറ്റും കാവല്‍ നിന്ന് രമയെ സംരക്ഷിക്കുമെന്നും വിഡി സതീശന്‍

മുഖ്യമന്ത്രിയുടെ അനുവാദത്തോടെയാണ് മണി ഇത്തരം പ്രസ്താവന നടത്തുന്നത്

Update: 2022-07-16 09:37 GMT

തിരുവനന്തപുരം: മുഖ്യമന്ത്രി ചെയ്യുന്നത് എംഎം മണിയ്ക്ക് കുട പിടിക്കുന്ന നടപടിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ അനുവാദത്തോടെയാണ് മണി ഇത്തരം പ്രസ്താവന നടത്തുന്നത്. വിധവയാകുന്നത് വിധിയാണ് എന്ന് സിപിഎം നേതൃത്യം പറയുന്നുണ്ടോ? പിന്തിരിപ്പന്‍ ആശയങ്ങള്‍ പേറി നടക്കുന്നവരാണോ സിപിഎം എന്നും അദ്ദേഹം ചോദിച്ചു.

വിധവ എന്ന വാക്ക് പോലും ഇന്നത്തെ കാലഘട്ടത്തില്‍ ഉപയോഗിക്കാന്‍ പാടില്ല. മുഖ്യമന്ത്രി പിണറായി വിജയന് ടി പി ചന്ദ്രശേഖരനെ കൊന്നിട്ടും തീരാത്ത പകയാണ്. യുഡിഎഫ് നാലു ചുറ്റും കാവല്‍ നിന്ന് കെകെ രമയെ സംരക്ഷിക്കും.

സിപിഎമ്മും ബിജെപിയും തമ്മിലെ തര്‍ക്കം നാഷണല്‍ ഹൈവേയിലാണോ പൊതുമരാമത്ത് റോഡിലാണോയെന്നാണെന്ന് വി ഡി സതീശന്‍ പരിഹസിച്ചു. സ്വര്‍ണക്കടത്ത് കേസില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ എകെജി സെന്ററിലേക്ക് ഓലപ്പടക്കം എറിഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ഓഫിസ് തകര്‍ത്തു. ഇതൊന്നും കൊണ്ട് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ കഴിയില്ല. നിറ കണ്ണുകളുമായി ഞങ്ങളുടെ സഹോദരി കെ കെ രമ ഇരിക്കുമ്പോള്‍ അതിന് ശ്രദ്ധ ക്ഷണിക്കാതെ ഇരിക്കാന്‍ കഴിയില്ലെന്നും വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

Tags: