നിയുക്ത മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് പ്രധാനമന്ത്രി മോദിയെ നേരിട്ട് ക്ഷണിച്ചു

ഉദ്ദവ് ഇതുവരെയും ഒരു തിരഞ്ഞെടുപ്പിനെ നേരിട്ടിട്ടില്ല. മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്ത് ആറ് മാസത്തിനുള്ളില്‍ മത്സരിച്ചു ജയിക്കണമെന്നാണ് ചട്ടം.

Update: 2019-11-28 01:37 GMT

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനം ഏറ്റെടുക്കുന്ന ചടങ്ങിലേക്ക് പ്രധാനമന്ത്രി മോദിയെ നിയുക്ത മുഖ്യമന്ത്രി ഉദ്ദവ് താക്കറെ നേരിട്ടു ക്ഷണിച്ചു. ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിസ്ഥാനവും എന്‍സിപിയുടെ അജിത് പവാര്‍ ഉപമുഖ്യമന്ത്രി സ്ഥാനവും രാജിവച്ച് രണ്ട് ദിവസം പിന്നിടുമ്പോഴാണ് ഉദ്ദവിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുന്നത്. സുപ്രിം കോടതി വിശ്വാസവോട്ടെടുപ്പ് നടത്താന്‍ അനുവദിച്ച സമയത്തിനു മുമ്പേ ബിജെപി മുഖ്യമന്ത്രി ഫഡ്‌നാവിസും ഉപമുഖ്യമന്ത്രി അജിത് പവാറും രാജി വച്ചതോടയൊണ് സ്ഥിതിഗതികള്‍ ത്രികക്ഷിസഖ്യത്തിന് അനുകൂലമായത്.

മുഖ്യമന്ത്രിസ്ഥാനം ഉദ്ദവ് താക്കറെയ്ക്കും സ്പീക്കര്‍ പദവി കോണ്‍ഗ്രസ്സിനും എന്നാണ് ഇപ്പോള്‍ എത്തിച്ചേര്‍ന്ന നിഗമനം. ശിവസേന, എന്‍സിപി, കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള മഹാ വികാസ് അഗാഡിയുടെ പ്രധാനപാര്‍ട്ടികളില്‍ നിന്ന് ഒന്നോ രണ്ടോ പേരെങ്കിലും പ്രാഥമിക ഘട്ടത്തില്‍ മന്ത്രിമാരാകും. പിന്നീടുള്ളവരുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ അടുത്ത മാസം നടക്കും. ഇന്നലെ വൈകീട്ട് ആറ് മണിക്കൂര്‍ നീണ്ടുനിന്ന യോഗത്തിനു ശേഷമാണ് തീരുമാനം.

ഉദ്ദവ് ഇതുവരെയും ഒരു തിരഞ്ഞെടുപ്പിനെ നേരിട്ടിട്ടില്ല. മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്ത് ആറ് മാസത്തിനുള്ളില്‍ മത്സരിച്ചു ജയിക്കണമെന്നാണ് ചട്ടം.

ഇന്ന് വൈകീട്ടാണ് ശിവസേനയുടെ രാഷ്ട്രീയചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ശിവജി പാര്‍ക്കില്‍ വച്ച് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുന്നത്. ബാല്‍ താക്കറെയുടെ നേതൃത്വത്തില്‍ ദസറ ആഘോഷങ്ങള്‍ നടക്കുന്ന വേദിയായിരുന്നു ശിവജി പാര്‍ക്ക്.

സത്യപ്രതിജ്ഞാ ചടങ്ങുകളില്‍ ദേശീയപ്രാധാന്യമുള്ള നിരവധി നേതാക്കള്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തുടങ്ങിയ പ്രമുഖരെ ക്ഷണിച്ചിരുന്നെങ്കിലും എത്താന്‍ സാധ്യതയില്ല. ഉദ്ദവിന്റെ മകനും ആദ്യമായി എംഎല്‍എ ആവുകയും ചെയ്ത ആദിത്യ താക്കറെയാണ് ഡല്‍ഹിയിലെത്തി നേരിട്ട് ക്ഷണിച്ചത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെയും ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളിനെയും ക്ഷണിച്ചിട്ടുണ്ട്.

Tags:    

Similar News