'ബിജെപിയുമായി സഖ്യം സ്ഥാപിക്കാന്‍ ഉദ്ദവ് താക്കറെയോട് മൂന്നോ നാലോ തവണ ആവശ്യപ്പെട്ടു'; ഏകനാഥ് ഷിന്‍ഡെ

Update: 2022-07-09 11:30 GMT

മുംബൈ: ബിജെപിയുമായി സഖ്യം സ്ഥാപിക്കാന്‍ വിമതഎംഎല്‍എമാര്‍ ഉദ്ദവ് താക്കറെയോട് നിരവധി തവണ ആവശ്യപ്പെട്ടുവെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ. മഹാ വികാസ് അഘാഡി സഖ്യത്തോട് പല എംഎല്‍എമാര്‍ക്കും വിയോജിപ്പുണ്ടായിരുന്നു. അവരില്‍ പലരും അസ്വസ്ഥരുമായിരുന്നു. ഉദ്ദവുമായി നേരിട്ടുള്ള കലാപം ആരംഭിക്കുംമുമ്പ് അദ്ദേഹത്തെ ബോധ്യപ്പെടുത്താന്‍ നിരവധി തവണ ശ്രമിച്ചു. പക്ഷേ, വിജയിച്ചില്ലെന്ന് ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു.

മന്ത്രിസഭാ വികസനം ചര്‍ച്ച ചെയ്യുന്നതിനായി ഷിന്‍ഡെ ഉപമുഖ്യമന്ത്രിയായ ദേവേന്ദ്ര ഫഡ്‌നാവിസിനൊപ്പം രണ്ട് ദിവസത്തെ ഡല്‍ഹി യാത്രയിലാണ്.

തന്നെ പിന്തുണയ്ക്കുന്ന എംഎല്‍എമാരാണ് യഥാര്‍ത്ഥ ശിവസേനയെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇക്കാര്യം സ്പീക്കര്‍ അംഗീകരിച്ചതായും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ചിഹ്നം ആര്‍ ഉപയോഗിക്കുമെന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. തങ്ങള്‍ക്ക് ജുഡീഷ്യറിയില്‍ വിശ്വാസമുണ്ടെന്ന് ഇതേ കുറിച്ച് അദ്ദേഹം പറഞ്ഞു.

ബിജെപിക്ക് അധികാരത്തില്‍ എത്താന്‍ വിമതര്‍ ഏതറ്റം വരെയും പോകുമെന്ന ആരോപണങ്ങള്‍ ഷിന്‍ഡെ തള്ളി. തിരഞ്ഞെടുപ്പ് കണക്കുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മാധ്യമവാര്‍ത്തകളെ പ്രതിരോധിച്ചത്.

'വിമതര്‍ 50 എംഎല്‍എമാരുണ്ട്, ബിജെപിക്ക് 115. മുഖ്യമന്ത്രി ബിജെപിയില്‍ നിന്നാകുമെന്ന് ജനങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. ഇപ്പോഴെന്താണ് പറയാനുള്ളത്. എന്നെപ്പോലെയുള്ള ഒരു ചെറിയ തൊഴിലാളിക്ക് മുഖ്യമന്ത്രിയാകാന്‍ അവസരം ലഭിച്ചു'- ഷിന്‍ഡെ പറഞ്ഞു. ബാല്‍ താക്കറെയുടെ ഹിന്ദുത്വത്തെ ബിജെപി പിന്തുണച്ചപ്പോള്‍ ഉദ്ധവ് താക്കറെ അവഗണിച്ചെന്നും അദ്ദേഹം ആരോപിച്ചു.

Tags: