പൗരത്വസമര നേതാക്കള്‍ക്കെതിരെ യുഎപിഎ; ജില്ലയിലെ 275 കേന്ദ്രങ്ങളില്‍ നാളെ സമരകാഹളം സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ

Update: 2020-05-06 17:16 GMT

തിരുവനന്തപുരം: ഡല്‍ഹിയില്‍ സിഎഎ വിരുദ്ധ സമരത്തിനു നേതൃത്വം നല്‍കിയവരെ യുഎപിഎ ചുമത്തി ജയിലിലടച്ച നടപടിക്കെതിരെ ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് നാളെ ജില്ലയിലെ 275 കേന്ദ്രങ്ങളില്‍ സമരകാഹളം സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ ജില്ലാ കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. വൈകീട്ട് 4.30നാണ് പ്രതിഷേധം.

ജില്ലാതല ഉദ്ഘാടനം രാവിലെ 11.30ന് തിരുവനന്തപുരം ഏജീസ് ഓഫിസിന് മുന്നില്‍ സംഘടിപ്പിക്കും. ഡല്‍ഹി കലാപത്തില്‍ ബന്ധമാരോപിച്ചാണ് മോദി സര്‍ക്കാര്‍ വിദ്യാര്‍ത്ഥിനേതാക്കളെയും സാമൂഹിക പ്രവര്‍ത്തകരെയും ആക്ടിവിസ്റ്റുകളെയും പ്രതികാര നടപടിയെന്നോണം തുടങ്കിലടച്ചത്.

ലോകം മുഴുവന്‍ കൊറോണ ഭീതിയില്‍ വിറങ്കലിച്ചു നില്‍ക്കുമ്പോഴും ബിജെപിയും കേന്ദ്ര സര്‍ക്കാറും സിഎഎ സമര നേതാക്കളായ മുസ്‌ലിംകളെ മാത്രം തിരഞ്ഞു പിടിച്ചു അറസ്റ്റ് ചെയ്തു പ്രതികാരം തീര്‍ക്കുകയാണ്. രാജ്യത്തു കൊറോണ മരണ നിരക്ക് ആയിരത്തിനു മുകളില്‍ ഉയരുമ്പോളും കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധ കൊടുക്കുന്നത് മുസ്‌ലിം വിരുദ്ധ അജണ്ടകള്‍ക്കാണ്.

നിരപരാധിയായ ജാമിഅ മില്ലിയ കോര്‍ഡിനേഷന്‍ കമ്മിറ്റി മീഡിയ കണ്‍വീനര്‍ സഫൂറ സര്‍ഗാറെ അവര്‍ ഗര്‍ഭിണിയായിട്ടു കൂടി അറസ്റ്റ് ചെയ്തു ജയിലിലാക്കിയത് അതിക്രൂരമാണ്. ലോക്ക് ഡൗണ്‍ മറവില്‍ രാജ്യത്ത് ഉയര്‍ന്നു വന്ന സമര പ്രവാഹങ്ങളെ അറസ്റ്റ് കൊണ്ട് കുഴിച്ചു മൂടാമെന്ന സംഘപരിവാര്‍ പദ്ധതി മൗഢ്യമാണെന്നും ജില്ലാ കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

Tags:    

Similar News