ലിവ് ഇന്‍ പങ്കാളിയടക്കം രണ്ടു യുവതികളെ കൊലപ്പെടുത്തി; റഷ്യന്‍ പൗരന്‍ അറസ്റ്റില്‍

Update: 2026-01-17 07:15 GMT

പനാജി: ലിവ് ഇന്‍ പങ്കാളിയടക്കം രണ്ടു യുവതികളെ കൊലപ്പെടുത്തിയ കേസില്‍ ഗോവയില്‍ റഷ്യന്‍ വിനോദസഞ്ചാരിയെ പോലിസ് അറസ്റ്റ് ചെയ്തു. അലെക്‌സി ലിയോനൊവ് എന്നയാളെയാണ് ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെ വടക്കന്‍ ഗോവയിലെ അരംബോളില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്.

അലെക്‌സിയുടെ ലിവ് ഇന്‍ പങ്കാളിയായ എലെന കസാത്തനോവയുടെ മൃതദേഹം ഇവര്‍ താമസിച്ചിരുന്ന വാടകമുറിക്കുള്ളില്‍ നിന്ന് വീട്ടുടമസ്ഥന്‍ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. കൈകള്‍ പിന്നിലേക്ക് കെട്ടിയ നിലയിലും കഴുത്തറുത്ത നിലയിലുമായിരുന്നു മൃതദേഹം കണ്ടെത്തിയതെന്ന് പോലിസ് അറിയിച്ചു. 2024 മുതല്‍ ഗോവയില്‍ താമസിച്ചിരുന്ന ഇരുവരും ലിവ് ഇന്‍ ബന്ധത്തിലായിരുന്നുവെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിനിടെയാണ് മറ്റൊരു യുവതിയെയും കൊലപ്പെടുത്തിയ വിവരം പ്രതി വെളിപ്പെടുത്തിയത്. എലെന വനീവ (37) എന്ന യുവതിയെ മോര്‍ജിം പ്രദേശത്തുവച്ചാണ് കൊലപ്പെടുത്തിയതെന്ന് ഇയാള്‍ മൊഴിനല്‍കി. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലിസ് സ്ഥലത്തെത്തി മൃതദേഹം കണ്ടെത്തുകയും ചെയ്തു.

ഇരുകേസുകളിലും കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെന്നും സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പോലിസ് അറിയിച്ചു. രണ്ടു മൃതദേഹങ്ങളും പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Tags: