തിരുവണ്ണാമലൈയില്‍ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു; രണ്ടുപോലിസുകാര്‍ അറസ്റ്റില്‍
തിരുവണ്ണാമലൈ: നഗരത്തില്‍ വാഹന പരിശോധനയ്ക്കിടെ ആന്ധ്ര സ്വദേശിയായ പതിനെട്ടുകാരിയെ പോലിസുകാര്‍ ബലാല്‍സംഗം ചെയ്തു. സെപ്റ്റംബര്‍ 29നായിരുന്നു സംഭവം. വാഴക്കുലകളുമായി ചിറ്റൂരില്‍ നിന്നും തമിഴ്നാട്ടിലേക്ക് ചരക്കുവാഹനത്തില്‍ അമ്മയോടൊപ്പം യാത്രചെയ്യുകയായിരുന്ന പെണ്‍കുട്ടിയെ ഏന്തല്‍ ചെക്പോസ്റ്റിന് സമീപം പോലിസുകാര്‍ തടഞ്ഞു. ക്ഷേത്രദര്‍ശനത്തിന് പോകുകയാണെന്ന് പറഞ്ഞിട്ടും വാഹനം നിര്‍ത്തി അമ്മയെയും മകളെയും വേര്‍തിരിച്ച് ഇരുചക്രവാഹനത്തില്‍ കയറ്റി.
ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുന്നതിന് പകരം വിഴുപുരം റോഡിലേക്ക് വഴിതിരിച്ച് അമ്മയെ മുള്‍പ്പടര്‍പ്പിലേക്ക് തള്ളുകയും, മകളെ ശ്മശാനത്തിലേക്ക് വലിച്ചിഴച്ച് ക്രൂരമായി ബലാല്‍സംഗം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് പുലര്‍ച്ചെ പെണ്‍കുട്ടിയെ റോഡരികില്‍ ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെട്ടു.
പുലര്‍ച്ചെ നാലുമണിയോടെ ബോധം വീണ്ടെടുത്ത പെണ്‍കുട്ടി സഹായത്തിനായി റോഡിലിറങ്ങിയെങ്കിലും വഴിയാത്രക്കാര്‍ ഇടപെട്ടില്ല. ഒടുവില്‍ സമീപത്തെ ഇഷ്ടികച്ചൂളയില്‍ എത്തി. അവിടുത്തെ തൊഴിലാളികളുടെ സഹായത്തോടെ 108 ആംബുലന്‍സില്‍ ഇരുവരെയും തിരുവണ്ണാമലൈ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മയും മകളും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികളായ പോലിസ് കോണ്‍സ്റ്റബിളുമാരായ സുരേഷ് രാജ്, സുന്ദര്‍ എന്നിവര്‍ അറസ്റ്റ് ചെയ്തു.