അര്‍ദ്ധരാത്രി ഭക്ഷണം നല്‍കാത്തതില്‍ തര്‍ക്കം; പാചകത്തൊഴിലാളിയെ മര്‍ദിച്ച് കൊലപ്പെടുത്തി, രണ്ടുപേര്‍ അറസ്റ്റില്‍

Update: 2025-10-10 11:13 GMT

ഗ്രേറ്റര്‍ നോയിഡ: അര്‍ദ്ധരാത്രി ദാബയില്‍ ഭക്ഷണം ആവശ്യപ്പെട്ട് എത്തിയ സംഘത്തിന്റെ ആക്രമണത്തില്‍ പാചകത്തൊഴിലാളി കൊല്ലപ്പെട്ടു. ദാബയിലെ പാചകക്കാരനായ നീതു കശ്യപ് (40) ആണ് മരിച്ചത്. കേസില്‍ നിഥിന്‍ കുമാര്‍ (30), കൗശല്‍ കുമാര്‍ (35) എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു. മറ്റൊരാള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് പോലിസ് അറിയിച്ചു.

ഒക്ടോബര്‍ നാലിനു പുലര്‍ച്ചെ ഒന്നരയോടെ ഗൗര്‍ സിറ്റി2 പ്രദേശത്താണ് സംഭവം. ദാബയുടെ ഉടമയായ വരുണ്‍ കൗശിക് കട അടയ്ക്കാന്‍ ഒരുങ്ങിയപ്പോഴാണ് മൂന്നുപേര്‍ എത്തി ഭക്ഷണം പാഴ്സലായി നല്‍കണമെന്നാവശ്യപ്പെട്ടത്. അര്‍ദ്ധരാത്രിയായതിനാല്‍ ഇനി ഭക്ഷണം നല്‍കാനാവില്ലെന്ന ഉടമയുടെ മറുപടിയാണ് തര്‍ക്കത്തിന് കാരണമായത്.

തര്‍ക്കം കടുപ്പിച്ചപ്പോള്‍ ഇടപെട്ട കശ്യപിനെ സംഘം പിടികൂടി വടി കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു. രക്തസ്രാവം മൂലം കശ്യപ് അവിടെ തന്നെ വീഴുകയായിരുന്നു. സംഭവം കണ്ട വഴി യാത്രക്കാരന്‍ ഉടന്‍ പോലിസിനെ അറിയിച്ചെങ്കിലും ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Tags: