കൊവിഡ് മഹാമാരിക്കാലത്ത് ഗൂഢാലോചനാ സിദ്ധാന്തങ്ങളെ ഫലപ്രദമായി തടഞ്ഞത് ട്വിറ്റര്‍; ഫേസ്ബുക്കും വാട്‌സ്ആപ്പും പരാജയം

Update: 2021-10-21 06:44 GMT

ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിക്കാലം ഗൂഢാലോചനാ സിദ്ധാന്തങ്ങളുടെ വസന്തകാലമായിരുന്നു. ഈ ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ മിക്കവയും പ്രചരിപ്പിക്കപ്പെട്ടതാവട്ടെ സാമൂഹികമാധ്യമങ്ങള്‍ വഴിയും. അവ ഈ വ്യാജപ്രചാരണങ്ങളെ തടുക്കാന്‍ ശ്രമിച്ചെങ്കിലും അതില്‍ വിജയിച്ചത് ട്വിറ്റര്‍ മാത്രം. ഫേസ് ബുക്കും വാട്‌സ്ആപ്പും പരാജയപ്പെടുകയായിരുന്നെന്നും സര്‍വേ റിപോര്‍ട്ട്.

സേജ് ജേര്‍ണലാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. വിവിധ സാമൂഹിക മാധ്യമ ഉപഭോക്താക്കളില്‍ ഗൂഢാലോചനാ സിദ്ധാന്തങ്ങളുടെ സ്വാധീനമാണ് പഠനവിധേയമാക്കിയത്. മിക്കവാറും സമൂഹികമാധ്യമങ്ങളും കൊവിഡ് മഹാമാരിക്കാലത്ത് ഗൂഢാലോചനാ സിദ്ധാന്തങ്ങളെ പ്രചരിപ്പിച്ചെന്നും അത് തടയാനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ലെന്നും പഠനം പറയുന്നു. തടയുന്നില്‍ വിജയിച്ചത് ട്വിറ്റര്‍ മാത്രമാണെന്നും പഠനം കണ്ടെത്തി.

ഫേസ് ബുക്ക്, ട്വിറ്റര്‍, വാട്‌സ്ആപ്പ്, യുട്യൂബ്, മെസഞ്ചര്‍ തുടങ്ങിയ സാമൂഹിക മാധ്യമങ്ങളാണ് സെയ്ജ് ജേര്‍ണല്‍ പഠിക്കാനെടുത്തത്. അതിനുവേണ്ടി ഗവേഷകര്‍ ഏതാനും ചോദ്യങ്ങള്‍ തയ്യാറാക്കി, അയച്ചു. ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളും ആവശ്യപ്പെട്ടു.

ചോദ്യങ്ങള്‍ ഇവയാണ്:

കൊറോണ വൈറസിനെതിരായ വാക്‌സിന്‍ ഇതിനകം വികസിപ്പിച്ചെടുത്തിട്ടുണ്ട്, എന്നാല്‍ ലാഭം വര്‍ദ്ധിപ്പിക്കുന്നതിനായി വലിയ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ അത് മറച്ചുവയ്ക്കുകയാണ്.

കൊറോണ വൈറസ് ജനങ്ങളെ ദ്രോഹിക്കുന്നതിനായി ചൈന മനപ്പൂര്‍വ്വം സൃഷ്ടിച്ച ഒരു ജൈവായുധമാണ്.

യുഎസ് രഹസ്യമായി നടത്തിയ സൈനിക പരീക്ഷണത്തിനിടയില്‍ ആകസ്മികമായുണ്ടായ ചോര്‍ച്ചയാണ് കൊറോണ വൈറസ്. 

തെറ്റാണ്, തെറ്റാവാന്‍ സാധ്യതയുണ്ട്. പൂര്‍ണമായും തെറ്റാണ്. ശരിയാണ്, ശരിയാവാന്‍ സാധ്യതയുണ്ട്, പൂര്‍ണമായും ശരിയാണ് തുടങ്ങിയ ഓപ്ഷനുകളാണ് നല്‍കിയത്. സര്‍വേയില്‍ പങ്കെടുത്തവര്‍ നല്‍കിയ ഉത്തരങ്ങള്‍ പരിശോധിച്ചാണ് കണക്കുകൂട്ടലുകള്‍ നടത്തിയത്.

17 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സര്‍വേയില്‍ പങ്കെടുത്തു.

ഫലം ഇതാണ്: ഫേസ്ബുക്ക്, യുട്യൂബ്, മെസഞ്ചര്‍ എന്നിവ ഗൂഢാലോചനാ സിദ്ധാന്തത്തെ ചെറുക്കുന്നതില്‍ പരാജയപ്പെട്ടു. ട്വിറ്ററിന്റെ ശ്രമങ്ങള്‍ വിജയിച്ചു.

ട്വിറ്റര്‍ ഗൂഢാലോചനാ സിദ്ധാന്തത്തെ 3 ശതമാനത്തോളം പ്രതിരോധിച്ചെങ്കില്‍ യുട്യൂബ് അത് 2-3 ശതമാനം വര്‍ധിപ്പിച്ചു. വാട്‌സ്ആപ്പ് വര്‍ധിപ്പിച്ചത് 1-2 ശതമാനം.

Tags:    

Similar News