കാട്ടുപോത്തിന്റെ ഇറച്ചി മുറിച്ചുകടത്താന്‍ ശ്രമം; മൂന്നാറില്‍ അഞ്ചുപേര്‍ അറസ്റ്റില്‍

Update: 2022-07-17 04:22 GMT

ഇടുക്കി: മൂന്നാര്‍ തലയാര്‍ എസ്റ്റേറ്റില്‍ പരിക്കേറ്റുവീണ കാട്ടുപോത്തിന്റെ ഇറച്ചി മുറിച്ചുകടത്താന്‍ ശ്രമിച്ച സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റിലായി. പിടിയിലായവരില്‍ നിന്ന് 150 കിലോ ഇറച്ചി കണ്ടെടുത്തു. തലയാര്‍ എസ്റ്റേറ്റ് നിവാസികളായ രാമര്‍ (40), അമൃതരാജ് (36), ആനന്ദകുമാര്‍ (38), കറുപ്പുസ്വാമി (46), രമേഷ് (36) എന്നിവരെയാണ്് മൂന്നാര്‍ ഫോറസ്റ്റ് റെയ്‌ഞ്ചോഫിസറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം അറസ്റ്റ് ചെയ്തിട്ടുള്ളത്. മൂന്നുവയസ് തോന്നിക്കുന്ന പോത്തിന്റെ ഇറച്ചി മുറിച്ചെടുത്ത് ചാക്കിലാക്കി കൊണ്ടുപോവുന്നതിനുള്ള ശ്രമത്തിനിടെയാണ് ഉദ്യോഗസ്ഥസംഘം ഇവരെ കസ്റ്റഡിയിലെടുത്തത്.

ചാക്കിലാക്കിയ നിലയില്‍ 150 കിലോ ഇറച്ചി ഇവരില്‍ നിന്നും കണ്ടെടുത്തു. അവശനിലയിലായ പോത്തിനെ നിരീക്ഷിച്ചുവരികയായിരുന്നെന്നും ഇന്നലെ രാവിലെ ചത്തുവീണപ്പോള്‍ തങ്ങള്‍ ഇറച്ചി ശേഖരിക്കുകയായിരുന്നെന്നുമാണ് ഇവര്‍ ഉദ്യോഗസ്ഥരെ അറിയിച്ചത്. ആയുധങ്ങളും പാത്രങ്ങളും അടക്കമുള്ള സാധനങ്ങളും അധികൃതര്‍ കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായവരുടെ വെളിപ്പെടുത്തല്‍ ഉദ്യോഗസ്ഥ സംഘം മുഖവിലയ്‌ക്കെടുത്തിട്ടില്ല. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുന്നതാനാണ് അധികൃതരുടെ തീരുമാനം. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കും.

Tags: