ഗസയ്‌ക്കെതിരായ യുദ്ധം അവസാനിപ്പിക്കണമെന്ന് നെതന്യാഹുവിനോട് ആവശ്യപ്പെട്ട് ട്രംപ്

Update: 2025-06-12 05:58 GMT

വാഷിങ്ടണ്‍: ഗസയ്‌ക്കെതിരായ യുദ്ധം അവസാനിപ്പിക്കണമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

തിങ്കളാഴ്ച ഒരു ഫോണ്‍ കോളിനിടെ, യുദ്ധം എത്രയും വേഗം അവസാനിക്കുമോ അത്രയും നല്ലത് എന്ന് ട്രംപ് നെതന്യാഹുവിനോട് പറഞ്ഞതായി ഇസ്രായേലി ദിനപത്രമായ ഹാരെറ്റ്സ് റിപോര്‍ട്ടു ചെയ്തു എന്നാണ് സൂചനകള്‍.

സ്റ്റീവ് വിറ്റ്‌കോഫ് നയിച്ച നിലവിലെ വെടിനിര്‍ത്തല്‍ ചര്‍ച്ച ട്രംപ് നിരസിച്ചതായി റിപ്പോര്‍ട്ടുണ്ട്, യുദ്ധം പൂര്‍ണ്ണമായും അവസാനിപ്പിക്കുന്നതിനുപകരം താല്‍ക്കാലിക വെടിനിര്‍ത്തല്‍ മാത്രമാണ് ആ ചട്ടക്കൂടിന്റെ ലക്ഷ്യം, ഹമാസ് ആവശ്യപ്പെട്ട ഒന്ന്. ഈ സമീപനം വിജയിക്കില്ലെന്ന് ട്രംപ് നെതന്യാഹുവിനോട് പറഞ്ഞതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപോര്‍ട്ട് ചെയ്തു.

സൗദി അറേബ്യയുമായുള്ള ബന്ധം സാധാരണ നിലയിലാക്കാനുള്ള ഇസ്രായേലിന്റെ ശ്രമങ്ങള്‍ക്ക് യുദ്ധം തുടരുന്നത് തടസ്സമാകുമെന്നും ഇറാനുമായുള്ള ആണവ ചര്‍ച്ചകള്‍ സങ്കീര്‍ണ്ണമാക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന ഭീഷണിയില്‍ നിന്ന് നെതന്യാഹു പിന്മാറണമെന്ന് ട്രംപ് ആവശ്യപ്പെട്ടെന്നും അത്തരമൊരു നടപടിക്ക് താന്‍ അംഗീകാരം നല്‍കില്ലെന്ന് പ്രസിഡന്റ് വ്യക്തമാക്കിയതായും റിപോര്‍ട്ടുണ്ട്.

ഗസയില്‍ ഇസ്രായേല്‍ ആക്രമണം ശക്തമാകുന്നതിനിടെയാണ് ട്രംപിന്റെ പുതിയ നീക്കം. ബുധനാഴ്ച, മധ്യ ഗാസയിലെ നെറ്റ്‌സാരിം ഇടനാഴിക്ക് സമീപമുള്ള സഹായ വിതരണ സ്ഥലത്ത് തടിച്ചുകൂടിയ സാധാരണക്കാര്‍ക്ക് നേരെ ഇസ്രായേല്‍ സൈന്യം വെടിയുതിര്‍ത്തു. ആക്രമണത്തില്‍ 30ലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. 200 ലധികം പേര്‍ക്ക് പരിക്കേറ്റു.

ഒരു ദിവസം മുമ്പ് ഇതേ സ്ഥലത്ത് നടന്ന സമാനമായ ആക്രമണത്തിനു പിന്നാലെയാണ് വീണ്ടും ആക്രമണം ഉണ്ടായത്. അന്നത്തെ ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെടുകയും 124 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മെയ് മാസത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച ഇസ്രായേല്‍ പിന്തുണയുള്ള ഗസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ (ജിഎച്ച്എഫ്) സ്ഥാപിച്ച സഹായ വിതരണ കേന്ദ്രങ്ങള്‍ക്ക് സമീപമാണ് രണ്ട് സംഭവങ്ങളും നടന്നത്.

ചൊവ്വാഴ്ച, യുഎന്‍ആര്‍ഡബ്ല്യുഎ മേധാവി ഫിലിപ്പ് ലസാരിനി സഹായ വിതരണ കേന്ദ്രങ്ങളെ 'മരണക്കെണികള്‍' എന്നാണ് വിശേഷിപ്പിച്ചത്. ഗസയില്‍ ഇസ്രായേല്‍ ഉന്മൂലന പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി യുഎന്‍ പാനല്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. അതേസമയം, ഗസയ്ക്കെതിരായ ഇസ്രായേലിന്റെ യുദ്ധത്തില്‍ ഇതുവരെ കുറഞ്ഞത് 54,981 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 126,920 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Tags: