ദോഹ: തന്റെ രാജ്യത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉല്‍പ്പന്നങ്ങളുടെയും തീരുവ കുറയ്ക്കാന്‍ ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ദോഹയില്‍ ബിസിനസ് നേതാക്കളുമായി നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്. ബോയിംഗ് ജെറ്റുകള്‍ ഉള്‍പ്പെടെ യുഎസും ഖത്തറും തമ്മിലുള്ള നിരവധി കരാറുകള്‍ പരിപാടിയില്‍ പ്രഖ്യാപിച്ചു.
ഇന്ത്യയില്‍ ഐഫോണുകള്‍ നിര്‍മ്മിക്കാനുള്ള ആപ്പിളിന്റെ പദ്ധതികളെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ട്രംപിന്റെ പരാമര്‍ശം. ഈ മാസം ആദ്യം, മിക്ക ഐഫോണുകളുടെയും ഉത്പാദനം ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് മാറ്റുകയാണെന്ന് ആപ്പിള്‍ പറഞ്ഞിരുന്നു
ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് അമേരിക്ക. ഇന്ത്യയും യുഎസും നിലവില്‍ ഒരു വ്യാപാര കരാറിനായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. ബര്‍ബണ്‍ വിസ്‌കി, മോട്ടോര്‍സൈക്കിളുകള്‍, മറ്റ് ചില യുഎസ് ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ തീരുവ ഡല്‍ഹി ഇതിനകം തന്നെ കുറച്ചിട്ടുണ്ട്. ട്രംപും മോദിയും വ്യാപാരം ഇരട്ടിയിലധികം വര്‍ദ്ധിപ്പിച്ച് 500 ബില്യണ്‍ ഡോളറാക്കാന്‍ ലക്ഷ്യമിട്ടിട്ടുണ്ടെങ്കിലും, കൃഷി പോലുള്ള മേഖലകളില്‍ ഡല്‍ഹി ഇളവുകള്‍ നല്‍കാന്‍ സാധ്യതയില്ലെന്നാണ് റിപോര്‍ട്ടുകള്‍.
'പൂജ്യത്തിന് പൂജ്യം' എന്ന സമീപനം ഉപയോഗിച്ച് എല്ലാ സാധനങ്ങളുടെയും താരിഫ് കുറയ്ക്കുക എന്നാല്‍ കരാര്‍, കര്‍ശനമായ പരസ്പര സഹകരണം ഉറപ്പാക്കണമെന്നും ഇരുപക്ഷവും താരിഫ് തുല്യമായി ഒഴിവാക്കണമെന്നും ഡല്‍ഹി ആസ്ഥാനമായുള്ള വ്യാപാര വിദഗ്ധന്‍ അജയ് ശ്രീവാസ്തവ പറയുന്നു.
അതേസമയം, വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തു നിന്നും ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.
