ഇന്ത്യ-പാക് സംഘര്‍ഷം താനാണ് അവസാനിപ്പിച്ചതെന്ന് വീണ്ടും അവകാശപ്പെടുത്തി ട്രംപ്
വാഷിങ്ടണ്‍: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിച്ചത് താനാണെന്ന അവകാശവാദം വീണ്ടും ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യ-പാക് സംഘര്‍ഷം ആണവയുദ്ധത്തിലേക്ക് നീങ്ങാനുള്ള സാഹചര്യം ഒഴിവാക്കിയതിലൂടെ പത്തു ദശലക്ഷത്തിലധികം ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞുവെന്നും ട്രംപ് അവകാശപ്പെട്ടു. ഫ്‌ളോറിഡയിലെ മാര്‍എലാഗോയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, നാവിക സെക്രട്ടറി ജോണ്‍ ഫെലന്‍, സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ എന്നിവര്‍ സന്നിഹിതരായിരിക്കെയാണ് ട്രംപ് ഈ പ്രസ്താവന നടത്തിയത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ആണവയുദ്ധം അമേരിക്കയുടെ ഇടപെടലിലൂടെയാണ് അവസാനിച്ചതെന്നും ഇതിന് പാകിസ്താന്‍ തന്നെ അഭിനന്ദനം അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഏകദേശം എട്ടോളം അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍ താന്‍ അവസാനിപ്പിച്ചിട്ടുണ്ടെന്നും ഇതുവരെ പരിഹരിക്കാന്‍ സാധിക്കാത്തത് റഷ്യ-ഉക്രെയിന്‍ യുദ്ധം മാത്രമാണെന്നും ട്രംപ് അവകാശപ്പെട്ടു. അതേസമയം, ഏപ്രില്‍ 22നു ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ആക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ, പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് മെയ് 7ന് ഇന്ത്യ 'ഓപ്പറേഷന്‍ സിന്ദൂര്‍' ആരംഭിച്ചിരുന്നു. തുടര്‍ന്ന് നാലു ദിവസങ്ങള്‍ക്ക് ശേഷം, മെയ് 10ന് ഇന്ത്യയും പാകിസ്താനും സംഘര്‍ഷം അവസാനിപ്പിക്കാന്‍ ധാരണയിലെത്തുകയായിരുന്നു. ഈ സംഘര്‍ഷത്തില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും ഉഭയകക്ഷി തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സംഘര്‍ഷം അവസാനിപ്പിച്ചതെന്നും ഇന്ത്യ ഔദ്യോഗികമായി വ്യക്തമാക്കിയിരുന്നു. എങ്കിലും ട്രംപ് നിരന്തരം തന്റെ അവകാശവാദം ആവര്‍ത്തിച്ചുവരികയാണ്. ഇതുവരെ ഇരുപതോളം തവണ ഈ വിഷയം ഉന്നയിച്ചിട്ടുണ്ടെന്നാണ് റിപോര്‍ട്ട്.
ഇതിനുപുറമെ, കംബോഡിയയും തായ്‌ലന്‍ഡും തമ്മിലുള്ള സംഘര്‍ഷവും താന്‍ പരിഹരിച്ചതായി ട്രംപ് അവകാശപ്പെട്ടു. എന്നാല്‍ ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിയില്‍ തുടരുന്ന സംഘര്‍ഷത്തില്‍ ഇതുവരെ 41 പേര്‍ മരിച്ചതായാണ് റിപോര്‍ട്ട്.
