പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വിദ്യാര്‍ഥിനി മരിച്ചു

Update: 2022-07-23 08:28 GMT

കണ്ണൂര്‍: കണ്ണൂരില്‍ ട്രെയിന്‍ തട്ടിയുണ്ടായ അപകടത്തില്‍ പ്ലസ്‌വണ്‍ വിദ്യാര്‍ഥിനി മരിച്ചു. കക്കാട് ഭാരതിയ വിദ്യാഭവന്‍ സ്‌കൂളിലെ 11ാം ക്ലാസ് വിദ്യാര്‍ഥിനിയായ നന്ദിത പി കിഷോര്‍ (16) ആണ് മരിച്ചത്. അലവില്‍ നിച്ചുവയല്‍ സ്വദേശിയാണ് നന്ദിത. ഇന്ന് രാവിലെ ഏഴരയോടെ ചിറക്കല്‍ അര്‍പ്പാംതോട് റെയില്‍വേ ഗേറ്റിലാണ് അപകടം നടന്നത്.

സ്‌കൂളിലേക്ക് പോവുന്നതിന് റെയില്‍പാളം മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അമ്മക്കൊപ്പമെത്തി കാറില്‍ നിന്നും ഇറങ്ങി റെയില്‍വേ ഗേറ്റിന് മറുവശത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസ്സിലേക്ക് കയറാനായി ഓടിപ്പോവുന്നതിനിടെയാണ് ട്രെയില്‍ തട്ടിയത്. വൈകിയോടുന്ന പരശുറാം എക്‌സ്പ്രസാണ് കുട്ടിയെ ഇടിച്ചത്.

സാധാരണ അമ്മയാണ് കുട്ടിയെ സ്‌കൂളിലേക്ക് ബസ് കയറ്റിവിടുന്നതിന് വേണ്ടി കാറിലെത്തിച്ചിരുന്നത്. ഇന്ന് വൈകിയെത്തിയ പരശുറാം എക്‌സ്പ്രസ് കടന്നുപോവുന്നതിന് വേണ്ടി റെയില്‍വേ ഗേറ്റ് അടച്ചിട്ടിരിക്കുകയായിരുന്നു. ഈ സമയത്ത് സ്‌കൂള്‍ ബസ് റെയില്‍വേ ഗേറ്റിന് മറുവശത്ത് വന്നു. ഇതോടെ കാറില്‍ നിന്നിറങ്ങിയ കുട്ടി വേഗത്തില്‍ പാളം മുറിച്ചുകടക്കുകയായിരുന്നു. തലയുടെ ഭാഗത്താണ് ട്രെയില്‍ ഇടിച്ചത്.

Tags: