കാസര്‍കോഡ് ജില്ലയില്‍ ടിപിആര്‍ കൂടുന്നു; ഓക്‌സിജന്‍ പ്ലാന്റുകള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം

Update: 2022-01-20 06:31 GMT

കാസര്‍കോഡ്; കാസര്‍കോഡ് ജില്ലയില്‍ കൊവിഡ് വ്യാപനത്തിന്റെ സൂചന നല്‍കി ടിപിആര്‍ (ടോട്ടല്‍ പോസിറ്റിവിറ്റി റേറ്റ്) കൂടുകയാണ്. കഴിഞ്ഞ ആഴ്ചകളെക്കാള്‍ ഏറ്റവും ഉയര്‍ന്ന ടിപിആര്‍ ആണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. 29.3 ശതമാനമാണ് രേഖപ്പെടുത്തിയത്. കൊവിഡ് പരിശോധന നടത്തിയ 2,069 പേരില്‍ 606 പേര്‍ പൊസിറ്റീവായി. കാസര്‍കോഡ് നഗരസഭയില്‍ ആണ് ഏറ്റവും കൂടുതല്‍ പേരെ പരിശോധിച്ചത്. പരിശോധിച്ച 400 പേരില്‍ 118 പേര്‍ പൊസിറ്റീവായി. കാസര്‍കോട് നഗരസഭയില്‍ ടിപിആര്‍ 29.5 ശതമാനം. കാഞ്ഞങ്ങാട് നഗരസഭയില്‍ 139 പേരെ പരിശോധിച്ചതില്‍ 42 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ടിപിആര്‍ 30.2 ശതമാനം. 128 പേരെ പരിശോധിച്ച ചെമ്മനാട് പഞ്ചായത്തില്‍ 32 പേര്‍ക്കും പോസിറ്റീവായി (ടിപിആര്‍ 25 ശതമാനം). ചെങ്കള പഞ്ചായത്തില്‍ പരിശോധിച്ച 106 പേരില്‍ 27 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു (ടിപിആര്‍ 25.5 ശതമാനം). 

കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധനടപടികള്‍ ഊര്‍ജിതമാക്കാനാണ് ജില്ലാ തല കൊറോണ കോര്‍ കമ്മിറ്റി യോഗ തീരുമാനം. സംസ്ഥാനസര്‍ക്കാര്‍ നിര്‍ദേശിച്ച കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തും. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് പൊലീസ്, സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ , തദ്ദേശഭരണ സ്ഥാപനങ്ങള്‍ എന്നിവര്‍ ഉറപ്പ് വരുത്തും.

പൊതുചടങ്ങുകളില്‍ പരമാവധി ആളുകളെ കുറയ്ക്കണം. മാസ്‌ക് കൃത്യമായി ധരിക്കണം. സാമൂഹിക അകലം പാലിക്കണം. മതരാഷ്ട്രീയ സാംസ്‌കാരിക സാമുദായിക പൊതുപരിപാടികള്‍ പരമാവധി ഓണ്‍ലൈനില്‍ സംഘടിപ്പിക്കണം. നേരിട്ട് സംഘടിപ്പിക്കുകയാണെങ്കില്‍ ആളുകളുടെ എണ്ണം പരമാവധി 50 ആയിരിക്കണം.

ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് 20ല്‍ കൂടുതലുള്ള ജില്ലകളില്‍ അധിക നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിലും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്.

കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ ഓക്‌സിജന്‍ പ്ലാന്റുകള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ ജില്ലാ കളക്ടര്‍ കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു.

Tags:    

Similar News