ആരോഗ്യത്തിന് ഹാനികരമായ വിഷപദാര്‍ഥങ്ങള്‍; 1500ഓളം കളിപ്പാട്ടങ്ങള്‍ പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കി ബഹ്‌റയ്ന്‍

പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളില്‍ അനുവദനീയമായ അളവില്‍ കൂടുതല്‍ ആന്റിമണി അടങ്ങിയിട്ടുള്ളതായും പരിശോധനയില്‍ വ്യക്തമായി.

Update: 2021-07-01 09:33 GMT
മനാമ: കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമായ വിഷപദാര്‍ഥങ്ങള്‍ അടങ്ങിയ കളിപ്പാട്ടങ്ങള്‍ വിപണിയില്‍ നിന്നും പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കി ബഹ്‌റയ്ന്‍. വിഷാംശം അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയ 1500ഓളം കളിപ്പാട്ടങ്ങളാണ് പിന്‍വലിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയത്.


വാണിജ്യ വ്യാപാര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്ന കടകളില്‍ നടത്തിയ പരിശോധനയിലാണ് കുട്ടികളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും അപകടകരമായ വസ്തുക്കള്‍ അടങ്ങിയ കളിപ്പാട്ടങ്ങള്‍ വ്യാപകമായി കണ്ടെത്തിയത്. പരിശോധനയുടെ ഭാഗമായി പിടിച്ചെടുത്ത കളിപ്പാട്ടങ്ങള്‍ ജിസിസി ഹെല്‍ത്ത് കൗണ്‍സിലില്‍ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. കുട്ടികളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന രാസപദാര്‍ഥങ്ങള്‍ ഇവയില്‍ അടങ്ങിയതായാണ് കണ്ടെത്തിയത്. പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളില്‍ അനുവദനീയമായ അളവില്‍ കൂടുതല്‍ ആന്റിമണി അടങ്ങിയിട്ടുള്ളതായും പരിശോധനയില്‍ വ്യക്തമായി.


ആന്റിമണി പോലെ വിഷപദാര്‍ഥങ്ങള്‍ അടങ്ങിയ കളിപ്പാട്ടങ്ങളുമായി കുട്ടികള്‍ കളിക്കുന്നത് അവരുടെ കണ്ണിനും ശ്വാസകോശത്തിനും വലിയ കേടുപാടുകള്‍ക്ക് കാരണമാവും. കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ ഗള്‍ഫ് ടെക്‌നിക്കല്‍ റെഗുലേഷന്‍ കൗണ്‍സിലിന്റെ മാനദണ്ഡങ്ങള്‍ പാലിക്കുന്നവയാണെന്ന് ഉറപ്പുവരുത്താന്‍ കടയുടമകള്‍ക്ക് ഉത്തരവാദിത്തമുണ്ട്. ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.




Tags:    

Similar News