'റോഡ് നന്നാക്കാതെ ടോള്‍ പിരിക്കാനാകില്ല'; പാലിയേക്കര ടോൾ പിരിവിൽ നിലപാട് കടുപ്പിച്ച് ഹൈക്കോടതി
കൊച്ചി: പാലിയേക്കര ടോള്‍പിരിവ് വിവാദത്തില്‍ ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍. റോഡ് നന്നാക്കാതെ ടോള്‍ പിരിക്കാനാകില്ലെന്നാണ് കോടതിയുടെ ശക്തമായ നിരീക്ഷണം. പാലിയേക്കര ടോള്‍ കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതി നിരീക്ഷണം നടത്തിയത്. കരാര്‍ കമ്പനിയും ദേശീയപാത അതോറിറ്റിയും ചേര്‍ന്ന് ടോള്‍പിരിവ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ജില്ലാ കളക്ടര്‍, ജില്ലാ പോലിസ് മേധാവി, ആര്‍ടിഒ എന്നിവരുടെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച കോടതി, സര്‍വീസ് റോഡുകളുടെ ദുരിതാവസ്ഥ ചൂണ്ടിക്കാട്ടി ആവശ്യം തള്ളുകയായിരുന്നു.
ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടില്‍ കൊരട്ടിയിലെ സര്‍വീസ് റോഡ് പൂര്‍ണമായും ഗതാഗതയോഗ്യമല്ലെന്നും പേരാമ്പ്രയില്‍ അപകട സാധ്യതയുള്ള കുഴികള്‍ തുടരുന്നുവെന്നുമാണ് വ്യക്തമാക്കുന്നത്. ജില്ലാ പോലിസ് മേധാവിയും സമാനമായ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
കൂടുതല്‍ വിശദീകരണങ്ങള്‍ ലഭ്യമാക്കുന്നതിനായി ഹൈക്കോടതി ജില്ലാ കളക്ടറെ ബുധനാഴ്ച ഓണ്‍ലൈന്‍ വഴി ഹാജരാകാന്‍ നിര്‍ദേശിച്ചു. അതേസമയം, ബുധനാഴ്ച വരെ പാലിയേക്കരയില്‍ ടോള്‍പിരിവ് ഉണ്ടാകില്ലെന്ന് കോടതി വ്യക്തമാക്കി.
ദേശീയപാത അതോറിറ്റി ഓഗസ്റ്റ് 28നു ടോള്‍പിരിവ് പുനഃരാരംഭിക്കാന്‍ അനുമതി തേടിയിരുന്നെങ്കിലും, സര്‍വീസ് റോഡുകള്‍ ശരിയായ രീതിയില്‍ വീതി കൂട്ടി ശാശ്വതപരിഹാരം കണ്ടിട്ടില്ലെന്ന് മൂന്നംഗ സമിതി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയതിനാല്‍ ഹൈക്കോടതി ആവശ്യം തള്ളുകയായിരുന്നു.
