വയനാട്ടില്‍ ഭീതി പടര്‍ത്തിയ കടുവ പിടിയില്‍

Update: 2022-10-28 01:42 GMT

കല്‍പ്പറ്റ: വയനാട് ചീരാലില്‍ ഒരുമാസമായി നാട്ടുകാരില്‍ ഭീതി പടര്‍ത്തിയിരുന്ന കടുവയെ പിടികൂടി. പഴൂരില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് കടുവ കുടുങ്ങിയത്. 14 വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച കടുവ ഒമ്പത് പശുക്കളെയും കൊന്നിരുന്നു. പഴൂര്‍ ജങ്ഷന് സമീപത്തായി പാട്ടവയല്‍ റൂട്ടില്‍ സ്വകാര്യവ്യക്തിയുടെ തോട്ടത്തിലാണ് നാട്ടുകാര്‍ ഒടുവില്‍ കടുവയെ കണ്ടത്. ഇതോടെ പ്രദേശത്ത് രാപ്പകല്‍ സമരം പ്രഖ്യാപിച്ച ജനങ്ങള്‍, മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്ന് ഇന്നലെ സമരം അവസാനിപ്പിക്കുകയായിരുന്നു.

ലൈവ് കാമറകള്‍ അടക്കം കൂടുതല്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചും മുത്തങ്ങയില്‍ നിന്നു കുങ്കിയാനകളെ എത്തിച്ചും വനംവകുപ്പ് കടുവയ്ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. അതിനിടെ, വീണ്ടും കടുവയിറങ്ങിയതോടെ ജനങ്ങള്‍ കൂടുതല്‍ പരിഭ്രാന്തിയിലായി. ഇന്ന് പുലര്‍ച്ചെയോടെയാണ് കടുവ കൂട്ടില്‍ കയറിയത്. കടുവയെ സുല്‍ത്താന്‍ ബത്തേരിയിലെ വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോവും. ആരോഗ്യപരിശോധനയ്ക്ക് ശേഷം കടുവയെ ഉള്‍വനത്തില്‍ കൊണ്ടുപോയി തുറന്നുവിടാനാണ് വനംവകുപ്പിന്റെ തീരുമാനം.

Tags: