ചാലക്കുടി: കുരങ്ങിന്റെ ആക്രമണത്തില്‍ മൂന്നു സ്ത്രീകള്‍ക്ക് പരിക്കേറ്റു. വെട്ടുകടവ് പാലത്തിന് സമീപത്തെ പുഴയോരം സ്ട്രീറ്റില്‍ ചിറയത്ത് മുണ്ടന്‍മാണി ആഗസ്തിയുടെ ഭാര്യ മോളി (75), പരിയാരം കുറ്റിക്കാട് മണിയാടന്‍ വീട്ടില്‍ കുട്ടപ്പന്റെ ഭാര്യ ഗിരിജ (56), മേലൂര്‍ വെട്ടുകടവ് വെള്ളായിക്കുടം രവീന്ദ്രന്റെ ഭാര്യ ഭാനുമതി എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ ഒമ്പതരക്കായിരുന്നു കുരങ്ങിന്റെ ആദ്യത്തെ ആക്രമണം. വീട്ടുപറമ്പില്‍ ജോലി ചെയ്തുകൊണ്ടിരുന്ന മോളിയുടെ പിറകില്‍ ചാടിക്കയറിയ കുരങ്ങ് മുതുകില്‍ മാരകമായി മാന്തി പരിക്കേല്‍പ്പിച്ച് ഓടി പോവുകയായിരുന്നു. തുടര്‍ന്ന് 11 മണിയോടെ ഇതേ കുരങ്ങ് 400 മീറ്റര്‍ അകലെയുള്ള തോട്ടാന്‍ ജോര്‍ജിന്റെ വീട്ടുപറമ്പിലെത്തിയത്. അവിടെ പണിയെടുത്ത് നിന്ന ഗിരിജയുടെ കാലില്‍ കുരങ്ങിന്റെ ആക്രമണത്തില്‍ പരിക്കേറ്റു. ഇരുവരെയും ഉടന്‍ ചാലക്കുടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഇരുവര്‍ക്കും പേവിഷബാധ പ്രതിരോധ മരുന്ന് കുത്തിവെച്ചു. വിവരമറിഞ്ഞ് വനംവകുപ്പിന്റെ ചാലക്കുടി മൊബൈല്‍ സ്‌ക്വാഡില്‍നിന്ന് ഉദ്യോഗസ്ഥരെത്തി പരിസരത്ത് പരിശോധന നടത്തി. വന്യജീവി ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരം ഇരുവര്‍ക്കും നല്‍കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.