തൊണ്ടിമുതല്‍ തിരിമറിക്കേസ്; ആന്റണി രാജുവിന്റെ അപ്പീലിനെ എതിര്‍ത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കൊച്ചി: തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആന്റണി രാജുവിന്റെ അപ്പീലിനെ എതിര്‍ത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. കീഴ്ക്കോടതി തെളിവുകള്‍ പരിശോധിച്ചാണ് ശിക്ഷ വിധിച്ചതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വാദത്തിനിടെ ഹൈക്കോടതി ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്കാണ് പ്രോസിക്യൂഷന്‍ മറുപടി നല്‍കിയത്. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെന്നത് ആന്റണി രാജുവിന്റെ വ്യക്തിപരമായ രാഷ്ട്രീയ താത്പര്യമാത്രമാണെന്നും അതുകൊണ്ട് ശിക്ഷ മരവിപ്പിക്കണമെന്നുള്ള അദ്ദേഹത്തിന്റെ ആവശ്യം പരിഗണിക്കരുതെന്നും സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ആന്റണി രാജുവിന്റെ അപ്പീല്‍ നാളെ പരിഗണിക്കാനിരിക്കെയാണ് പ്രോസിക്യൂഷന്റെ മറുപടി സത്യവാങ്മൂലം.
കോടതിയുടെ അനുമതിയില്ലാതെ അനധികൃതമായാണ് ഒന്നാംപ്രതിയില്‍ നിന്ന് ആന്റണി രാജു തൊണ്ടിമുതല്‍ കൈപ്പറ്റിയത്. തൊണ്ടിമുതല്‍ കൈമാറാന്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് ഉണ്ടായിരുന്നില്ല. ആന്റണി രാജുവിന്റെ കൈവശമിരുന്നപ്പോഴാണ് തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയത്. ഇതിനെ സാധൂകരിക്കുന്ന തെളിവുകളുണ്ടെന്നും വഞ്ചിയൂര്‍ പോലിസ് ഹൈക്കോടതിയെ അറിയിച്ചു. അക്കാലയളവില്‍ എന്തൊക്കെ ചെയ്തുവെന്ന് പ്രതിക്ക് മാത്രം അറിവുള്ള കാര്യമാണ്. നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെത്തന്നെ ബാധിക്കുന്ന കുറ്റകൃത്യമാണിത്. തൊണ്ടിമുതലില്‍ കൃത്രിമത്വം നടന്നുവെന്ന് ശാസ്ത്രീയ പരിശോധനയില്‍ തെളിയിക്കപ്പെട്ടുവെന്നും പ്രോസിക്യൂഷന്‍ മറുപടി നല്‍കി.
ലഹരിമരുന്ന് ഒളിപ്പിച്ച അടിവസ്ത്രം തിരികെ നല്‍കാന്‍ മജിസ്‌ട്രേറ്റ് നിര്‍ദേശം നല്‍കിയിട്ടുണ്ടോ എന്നും കോടതി ചോദിച്ചു. ജൂനിയര്‍ അഭിഭഷകന്‍ ആയിരുന്ന ആന്റണി രാജു തൊണ്ടിമുതല്‍ വാങ്ങിയത് കക്ഷിക്ക് വേണ്ടിയല്ലേയെന്നും അതില്‍ എന്താണ് കുറ്റകൃത്യമെന്നും ഹൈക്കോടതി ചോദിച്ചു. ജൂനിയര്‍ അഭിഭാഷകനായിരുന്ന കാലത്ത് മയക്കുമരുന്ന് കേസില്‍ വിദേശ പൗരനെ രക്ഷിക്കാനായി തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയ കേസില്‍ മൂന്നു വര്‍ഷം തടവിനാണ് ആന്റണി രാജുവിനെ ശിക്ഷിച്ചത്. ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം തള്ളിയ തിരുവനന്തപുരം സെക്ഷന്‍സ് കോടതിയുടെ ഉത്തരവിനെതിരെയാണ് ആന്റണി രാജു അപ്പീല്‍ നല്‍കിയത്.

