വംശവിദ്വേഷത്തിന്റെ പരീക്ഷണശാല; ലക്ഷദ്വീപില്‍ ആഞ്ഞു വീശുന്നത് മുസ്‌ലിം വിദ്വേഷമെന്നും ഡോ. തോമസ് ഐസക്

ഒരു ക്രമസമാധാനപ്രശ്‌നവുമില്ലാത്ത സ്ഥലത്ത് ഗുണ്ടാ ആക്ട്. മദ്യപിക്കുന്ന മനുഷ്യരില്ലാത്ത നാട്ടില്‍ മദ്യമൊഴുക്കാനുള്ള തീരുമാനം. മുസ്‌ലിം വിദ്വേഷമാണ് ചുഴലിക്കാറ്റായി ആഞ്ഞു വീശുന്നതെന്നും തോമസ് ഐസക്

Update: 2021-05-24 08:39 GMT

തിരുവനന്തപുരം: ലക്ഷദ്വീപില്‍ ചുഴലിക്കാറ്റായി ആഞ്ഞു വീശുന്നത് മുസ്‌ലിം വിദ്വേഷമാണെന്ന് മുന്‍ മന്ത്രി ഡോ. ടി എം തോമസ് ഐസക്. വംശവിദ്വേഷത്തിന്റെ മറ്റൊരു പരീക്ഷണശാലയായി സംഘപരിവാരം ലക്ഷദ്വീപിനെ തിരഞ്ഞെടുത്തു കഴിഞ്ഞുമെന്നും അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു. 

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ലക്ഷദ്വീപിലെ ജനങ്ങള്‍ക്കൊപ്പം രാജ്യമൊന്നാകെ നില്‍ക്കേണ്ട സന്ദര്‍ഭമാണിത്. ആ നാട്ടിലെ സൈ്വരജീവിതം തകര്‍ക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങളുടെ ഭാഗമായി വേണം ഡിസംബര്‍ മാസത്തില്‍ ചാര്‍ജ്ജെടുത്ത അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നടപടികളെ കാണേണ്ടത്. വംശവിദ്വേഷത്തിന്റെ മറ്റൊരു പരീക്ഷണശാലയായി സംഘപരിവാര്‍ ലക്ഷദ്വീപിനെ തിരഞ്ഞെടുത്തു കഴിഞ്ഞു.

കൊവിഡ് ബാധയില്ലാത്ത പ്രദേശമായിരുന്നു ഈ ദ്വീപ്. എന്നാല്‍ കൊവിഡ് പകര്‍ച്ച തടയുന്നതിനുവേണ്ടി സ്വീകരിച്ചിരുന്ന സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റീങ് പ്രൊസീഡ്യുര്‍ പ്രഫുല്‍ പട്ടേല്‍ ഒരു വിദഗ്ദാഭിപ്രായങ്ങളും മാനിക്കാതെ മാറ്റിയെഴുതി. ഫലമോ രണ്ടാം വ്യാപനത്തിന് ഇരിയായി ദ്വീപ് നിവാസികള്‍.

പകര്‍ച്ചവ്യാധി പടര്‍ന്നു പിടിച്ച് മരണനിരക്ക് ആശങ്കാജനകമായി ഉയരുന്ന ഈ സാഹചര്യത്തില്‍പ്പോലും ഇത്തരം അജണ്ടകളില്‍ നിന്ന് ബിജെപി പിന്നോട്ടില്ല. ക്രൂരത എന്ന വിശേഷണമൊന്നും ഇക്കൂട്ടരുടെ യഥാര്‍ത്ഥ മാനസികാവസ്ഥയെ ഒരു ശതമാനം പോലും ഉള്‍ക്കൊള്ളുന്നില്ല എന്ന് ഖേദപൂര്‍വം പറയേണ്ടി വരും.

ലക്ഷദ്വീപ് നിവാസികളുടെ സ്വസ്ഥതയും സൈ്വരജീവിതവും തകര്‍ക്കാന്‍ എന്താണ് പ്രഫുല്‍ പട്ടേലിന് പ്രേരണയായത്? ഒറ്റ ഉത്തരമേയുള്ളൂ. ആ ജനതയില്‍ 99 ശതമാനവും മുസ്‌ലിംങ്ങളാണ്. അവരുടെ പരമ്പരാഗത വിശ്വാസവും ജീവിതരീതിയും ഭക്ഷണക്രമവും ആചാരമര്യാദകളും സംഘപരിവാറിനും പ്രഫുല്‍ പട്ടേലിനും ഉള്‍ക്കൊള്ളാനാവുന്നില്ല. കേന്ദ്രഭരണാധികാരത്തിന്റെ ഹുങ്കില്‍, അതെല്ലാം ചവിട്ടിക്കുഴയ്ക്കാനാണ് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്.

പ്രതികാരവെറിയോടെയാണ് അഡ്മിനിസ്‌ട്രേറ്ററുടെ അഴിഞ്ഞാട്ടം. ഈ ജനത പ്രഫുല്‍ പട്ടേലിനോട് എന്തു തെറ്റാണ് ചെയ്തത്? അവരുടെ ജീവിതോപാധികളും തൊഴിലുപകരണങ്ങളും തല്ലിത്തകര്‍ത്തതിന് എന്ത് ന്യായീകരണമുണ്ട്? കടപ്പുറത്ത് ഇതിനായി ഉണ്ടാക്കിയിരുന്ന ഷെഡുകളെല്ലാം തീരദേശ നിയമലംഘമെന്നു മുദ്രകുത്തിയാണ് നീക്കം ചെയ്തത്.

സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് തദ്ദേശീയരായ താല്‍ക്കാലിക ജീവനക്കാരെ പിരിച്ചു വിടലാണ് അഡ്മിനിസ്‌ട്രേറ്ററുടെ പുതിയൊരു വിനോദം. അങ്കണവാടികള്‍പോലും അടഞ്ഞു കഴിഞ്ഞു.

ദ്വീപ് നിവാസികള്‍ കൂടുതല്‍ ആശ്രയിക്കുന്നത് ഏറ്റവും അടുത്തു കിടക്കുന്ന ബേപ്പൂര്‍ തുറമുഖത്തെയാണ്. ഭാഷാപരവും സാംസ്‌കാരികമായ അടുപ്പവും കേരളക്കരയോടാണ്. പക്ഷെ പുതിയ ഉത്തരവു പ്രകാരം ഇനിമേല്‍ ബോട്ടുകളും പായ്ക്കപ്പലുകളുമെല്ലാം മംഗലാപുരത്തേയ്ക്കാണത്രേ പോകേണ്ടത്.

ഒരു ക്രമസമാധാനപ്രശ്‌നവും ഇല്ലാത്ത സ്ഥലത്ത് ഗുണ്ടാ ആക്ട്. മദ്യപിക്കുന്ന മനുഷ്യരില്ലാത്ത നാട്ടില്‍ യഥേഷ്ടം മദ്യമൊഴുക്കാനുള്ള തീരുമാനം..കേള്‍ക്കുമ്പോള്‍ തുഗ്ലക് പരിഷ്‌കാരമെന്നു തോന്നും. പക്ഷേ, ആലോച്ചുറപ്പിച്ചു തന്നെയാണ് കേന്ദ്രം നീങ്ങുന്നത്. മുസ്‌ലിം വിദ്വേഷമാണ് ചുഴലിക്കാറ്റായി ആഞ്ഞു വീശുന്നത്. അത് വ്യക്തമാണ്.

അദാനിയെപ്പോലുള്ള വമ്പന്‍ കുത്തകകളുടെ ടൂറിസം കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനു പരിപാടിയുണ്ടെന്നും കേള്‍ക്കുന്നു. ആന്തമാന്‍ നിക്കോബാറിലെ ചില ദ്വീപുകള്‍ ഇതിനകം ടൂറിസം നിക്ഷേപത്തിനു തുറന്നുകൊടുത്തുവെന്നും കേള്‍ക്കുന്നു. ഇതിനൊക്കെയുള്ള കേളികൊട്ടാണോ ഈ ഭ്രാന്തന്‍ നടപടികളെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

രാജ്യം മാത്രമല്ല, ലോകം ഒറ്റക്കെട്ടായി ലക്ഷദ്വീപ് ജനതയ്‌ക്കൊപ്പം നില്‍ക്കേണ്ട സാഹചര്യമാണ്. ഈ നയങ്ങള്‍ തിരുത്തുക തന്നെ വേണം. ജനങ്ങളെ ശത്രുപക്ഷത്തു നിര്‍ത്തിയും അവരെ വേട്ടയാടുക എന്ന ലക്ഷ്യത്തോടെയും കൊണ്ടുവന്ന ഭരണപരിഷ്‌കാര നടപടികള്‍ക്ക് അറബിക്കടലിലാണ് സ്ഥാനം.


Tags:    

Similar News