കെട്ടുകാഴ്ചകള്‍ വേണ്ട, ഇത് പ്രവര്‍ത്തിക്കേണ്ട സമയം; കേന്ദ്ര സര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷപാര്‍ട്ടികള്‍

Update: 2020-05-23 03:19 GMT

ന്യൂഡല്‍ഹി: കൊവിഡ് കാലത്ത് കെട്ടുകാഴ്ചയല്ല, പ്രവൃത്തിയാണ് ആവശ്യമെന്ന വിമര്‍ശനവുമായി പ്രതിപക്ഷപാര്‍ട്ടികള്‍. വിവിധ സംസ്ഥാനങ്ങളിലും അഖിലേന്ത്യാതലത്തിലും പ്രവര്‍ത്തിക്കുന്ന 22 രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളാണ് കേന്ദ്ര സര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനവുമായി രംഗത്തുവന്നത്. കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധി വിളിച്ചുചേര്‍ത്ത സൂം യോഗത്തിലാണ് പ്രതിപക്ഷപാര്‍ട്ടികള്‍ ഒരേ സ്വരത്തില്‍ കേന്ദ്രത്തിനെതിരേ രംഗത്തെത്തിയത്. 7,500 രൂപ വീതം ഓരോരുത്തര്‍ക്കും പണമായി വിതരണം ചെയ്യാനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്ന കുടിയേറ്റത്തൊഴിലാളികള്‍ക്ക് യാത്രാ സൗകര്യമൊരുക്കാനും 'ശരിയായ' സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാനും നേതാക്കള്‍ ആവശ്യപ്പെട്ടു.

കേന്ദ്രം സംസ്ഥാനങ്ങളുമായി ആലോചിച്ചുവേണം പ്രവര്‍ത്തിക്കേണ്ടതെന്ന് ആവശ്യപ്പെട്ട നേതാക്കള്‍ സംസ്ഥാനങ്ങളുടെ അധികാരം നരേന്ദ്ര മോദി സര്‍ക്കാര്‍ കവര്‍ന്നെടുക്കുന്നതായി ആരോപിച്ചു.

'കേന്ദ്ര സര്‍ക്കാരിന്റെ ഒറ്റയാള്‍ പ്രകടനത്തിന്റെയോ കെട്ടുകാഴ്ചയുടെയോ സമയമല്ല ഇത്, ഭീമാകാരമായ കൂട്ടായ പരിശ്രമത്തിനുള്ള സമയമാണ്. ഇതാണ് ഇന്ത്യയിലെ ജനങ്ങള്‍ക്ക് വേണ്ടത്, ഇതാണ് ഇന്ത്യയിലെ ജനങ്ങള്‍ ആവശ്യപ്പെടുന്നത്- പ്രതിപക്ഷ സംഘടനകള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഇന്ത്യയിലെ 60 ശതമാനത്തിലധികം ജനങ്ങളെ പ്രതിനിധീകരിക്കുന്നത് തങ്ങളാണെന്ന് നേതാക്കള്‍ ഓര്‍മിപ്പിച്ചു.

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവേഗൗഡ, സീതാറാം യച്ചൂരി, എന്‍ കെ പ്രേമചന്ദ്രന്‍ തുടങ്ങി നിരവധി പേര്‍ യോഗത്തില്‍ പങ്കെടുത്തു. മായാവതി, അഖിലേഷ് യാദവ്, അരവിന്ദ് കെജ്‌രിവാള്‍ എന്നിവര്‍ വിട്ടുനിന്നു.

ഉത്തവാദിത്തം നിര്‍വഹിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. ലോക്ക് ഡൗണില്‍ നിന്ന് ശരിയായ തീരിയില്‍ പുറത്തുവരാന്‍ കഴിയണം. 20 ലക്ഷം കോടി രൂപയുടെ കൊവിഡ് പാക്കേജ് ഇന്ത്യയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. യഥാര്‍ത്ഥത്തിലുള്ള ഒരു സാമ്പത്തിക പാക്കേജാണ് വേണ്ടത്- യോഗത്തില്‍ ആവശ്യമുയര്‍ന്നു. 'എല്ലാ അധികാരവും ഇപ്പോള്‍ പ്രധാനമന്ത്രിയില്‍ കേന്ദ്രീകരിച്ചിരിക്കുകയാണെന്ന് സോണിയാ ഗാന്ധി കുറ്റപ്പെടുത്തി.

പ്രതിപക്ഷം ഉയര്‍ത്തിയിരിക്കുന്ന ആവശ്യങ്ങള്‍ ഇതാണ്:

ജനങ്ങള്‍ക്ക് പണം നേരിട്ട് കൈമാറണം. ആറുമാസത്തേക്ക് പ്രതിമാസം 7,500 രൂപവച്ച് നല്‍കണം. ഉടന്‍ 10,000 രൂപ നല്‍കണം. ബാക്കി അഞ്ച് മാസത്തിനുള്ളില്‍. അടുത്ത ആറുമാസത്തേക്ക് 10 കിലോ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യണം. തൊഴിലുറപ്പ് പദ്ധതി പ്രവൃത്തി ദിവസങ്ങള്‍ 200 ആക്കി ഉയര്‍ത്തണം.

കുടിയേറ്റ തൊഴിലാളികളെ അവരുടെ വീട്ടിലേക്ക് സര്‍ക്കാര്‍ ചെലവില്‍ അയയ്ക്കണം. തൊഴില്‍ നിയമത്തില്‍ ഏകപക്ഷീയമായി മാറ്റം വരുത്തരുത്. പാര്‍ലമെന്ററി പ്രവര്‍ത്തനവും മേല്‍നോട്ടവും ഉടന്‍ പ്രാബല്യത്തില്‍ വരുത്തുക. വിമാനങ്ങള്‍ അനുവദിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരുകളുമായി ആലോചിക്കുക 

Tags:    

Similar News