കുവൈത്ത് വിമാനത്താവളത്തില്‍ മൂന്നാമത്തെ റണ്‍വേയും ആധുനിക എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറും തയ്യാര്‍
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ മൂന്നാമത്തെ റണ്‍വേയും ആധുനിക എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറും ഒക്ടോബര്‍ 30ന് പ്രവര്‍ത്തനം ആരംഭിക്കുന്നു. 4.58 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ പുതിയ റണ്‍വേ ലോകത്തിലെ ഏറ്റവും നീളം കൂടിയവയില്‍ ഒന്നായി മാറും.
സുരക്ഷയും പ്രവര്‍ത്തന കാര്യക്ഷമതയും ഉയര്‍ത്തി രാജ്യത്തെ പ്രാദേശിക വിമാനഗതാഗതത്തിന്റെയും ലോജിസ്റ്റിക് സേവനങ്ങളുടെയും പ്രധാന കേന്ദ്രമാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നാണ് വ്യോമയാന അതോറിറ്റിയിലെ ആസൂത്രണ, പദ്ധതി വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ എന്‍ജിനിയര്‍ സാദ് അല്‍ ഒതൈബി അറിയിച്ചത്.
പുതിയ റണ്‍വേക്ക് പ്രതിവര്‍ഷം ആറുലക്ഷത്തിലധികം ടേക്ക് ഓഫ്, ലാന്‍ഡിങ് നീക്കങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ടാകും. ഇതോടെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തന ശേഷി വന്‍തോതില്‍ ഉയരും. വിമാനത്താവള മാനേജ്മെന്റ്, ഗ്രൗണ്ട് സര്‍വീസ്, വ്യോമ നാവിഗേഷന്‍ മേഖലകളില്‍ 20,000ത്തിലധികം സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിക്കുമെന്ന് ഒതൈബി പറഞ്ഞു.
ലോകത്തിലെ പ്രമുഖ വിമാനത്താവളങ്ങളുമായി താരതമ്യപ്പെടുത്താവുന്ന നാവിഗേഷന്‍ സംവിധാനങ്ങളോടും സാങ്കേതിക നിലവാരത്തോടും കൂടിയാണ് പുതിയ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവര്‍ സജ്ജീകരിച്ചിരിക്കുന്നത്. അതേസമയം, നിര്‍മ്മാണം പുരോഗമിക്കുന്ന യാത്രക്കാരുടെ ടെര്‍മിനല്‍-2 കുവൈത്ത് വിമാനത്താവളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതിയായി മാറും. അതിന്റെ ആര്‍ക്കിടെക്ചറല്‍ രൂപകല്‍പ്പനയും സേവന നിലവാരവും ലോകോത്തരനിലവാരത്തിലായിരിക്കും. പദ്ധതിയുടെ പുരോഗതി വേഗത്തിലാക്കുന്നതില്‍ പബ്ലിക് വര്‍ക്സ് മന്ത്രിയായ ഡോ. നൂറ അല്‍ മഷാന്‍ നടത്തിയ ഏകോപനത്തെ ഒതൈബി പ്രത്യേകമായി പ്രശംസിച്ചു.
