ജനപ്രിയ പ്രഖ്യാപനങ്ങളില്ലാതെ മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ്; കേരളത്തിന് വീണ്ടും അവഗണന

Update: 2026-02-01 07:44 GMT

ന്യൂഡല്‍ഹി: ജനപ്രിയ പ്രഖ്യാപനങ്ങളൊന്നുമില്ലാതെ മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം കേന്ദ്ര ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചു. ഏകദേശം ഒന്നര മണിക്കൂര്‍ നീണ്ട ബജറ്റ് പ്രസംഗത്തില്‍ രാജ്യത്തെ സാധാരണ ജനവിഭാഗങ്ങളെ നേരിട്ട് ബാധിക്കുന്നതോ വലിയ സ്വാധീനം ചെലുത്തുന്നതോ ആയ പുതിയ പദ്ധതികളൊന്നും പ്രഖ്യാപിച്ചില്ല. പ്രതീക്ഷിച്ചിരുന്ന പോലെ ആദായനികുതിയുടെ പഴയ സ്‌കീമിലോ പുതിയ സ്‌കീമിലോ ഇളവുകള്‍ പ്രഖ്യാപിച്ചില്ല. നികുതിയിലും തീരുവയിലും ചെറിയ മാറ്റങ്ങള്‍ക്കപ്പുറം ഗണ്യമായ ആനുകൂല്യങ്ങളൊന്നും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

കേരളത്തിന് ബജറ്റില്‍ വീണ്ടും സമ്പൂര്‍ണ അവഗണനയാണ് നേരിടേണ്ടിവന്നത്. ധാതു ഇടനാഴിയും കടലാമ സംരക്ഷണ കേന്ദ്രവും ഒഴികെ സംസ്ഥാനത്തിന് കാര്യമായ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ല. അതിവേഗ റെയില്‍ പദ്ധതിയില്‍ കേരളത്തിന്റെ അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാടും കര്‍ണാടകയും ഉള്‍പ്പെടുത്തിയപ്പോഴും കേരളത്തെ ഒഴിവാക്കിയതില്‍ വിമര്‍ശനം ശക്തമാകുകയാണ്. ദീര്‍ഘകാലമായി കേരളം ഉന്നയിച്ചുവരുന്ന എയിംസ് സ്ഥാപനം എന്ന ആവശ്യവും ഇത്തവണയും ബജറ്റില്‍ പരിഗണിക്കപ്പെട്ടില്ല.

Tags: