അവര്‍ക്ക് വിശ്വസനീയനായ ഒരു നേതാവില്ല; ബിജെപിക്കെതിരേ അതിഷി
തിരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ കഴിയാത്തതില്‍ ബിജെപിയെ വിമര്‍ശിച്ച് ആം ആദ്മി പാര്‍ട്ടി
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ കഴിയാത്തതില്‍ ബിജെപിയെ വിമര്‍ശിച്ച് ആം ആദ്മി പാര്‍ട്ടി. സര്‍ക്കാര്‍ ഭരിക്കാന്‍ ബിജെപിക്ക് വിശ്വസനീയനായ ഒരു നേതാവില്ലെന്ന് മുതിര്‍ന്ന എഎപി നേതാവും ഡല്‍ഹിയുടെ ആക്ടിംഗ് മുഖ്യമന്ത്രിയുമായ അതിഷി പത്രസമ്മേളനത്തില്‍ ആരോപിച്ചു. 'തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രഖ്യാപിച്ചിട്ട് പത്ത് ദിവസമായി. ഫെബ്രുവരി 9 ന് ബിജെപി തങ്ങളുടെ മുഖ്യമന്ത്രിയെയും മന്ത്രിസഭയെയും പ്രഖ്യാപിക്കുമെന്നും വികസന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും ആളുകള്‍ കരുതി. എന്നാല്‍ ഡല്‍ഹി ഭരിക്കാന്‍ അവര്‍ക്ക് ഒരു മുഖമില്ലെന്നത് ഇപ്പോള്‍ വ്യക്തമാണ്,' അവര്‍ പറഞ്ഞു.
തിരഞ്ഞെടുക്കപ്പെട്ട 48 ബിജെപി എംഎല്‍എമാരില്‍ ആരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി വിശ്വസിക്കുന്നില്ലെന്നും ഭരണത്തെക്കുറിച്ച് പാര്‍ട്ടിക്ക് കാഴ്ചപ്പാടോ പദ്ധതിയോ ഇല്ലെന്നും അതിഷി പറഞ്ഞു. സര്‍ക്കാര്‍ നടത്താന്‍ കഴിവുള്ള ആരുമില്ലെങ്കില്‍ അവര്‍ എങ്ങനെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അവര്‍ ചോദിച്ചു. 70 അംഗ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 48 സീറ്റുകള്‍ നേടിയാണ് വിജയിച്ചത്. എഎപിക്ക് 22 സീറ്റുകളാണ് നേടാനായത്. 26 വര്‍ഷത്തിനു ശേഷമാണ് ഡല്‍ഹിയില്‍ ബിജെപി അധികാരത്തില്‍ വരുന്നത്.