രാജ്യത്ത് വ്യവസായ വളര്‍ച്ചയില്ല, ആകെ വളരുന്നത് മോദിയുടെ താടിമാത്രം; പരിഹാസം ചൊരിഞ്ഞ് മമതാ ബാനര്‍ജി

Update: 2021-03-26 17:13 GMT

പശ്ചിം മിഡ്‌നാപൂര്‍: പശ്ചിമ ബംഗാളിലെ ആദ്യ ഘട്ട തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ മോദിയുടെ സാമ്പത്തിക നയങ്ങളെ കടന്നാക്രമിച്ച് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമതാ ബാനര്‍ജി. രാജ്യത്തിന്റെ വ്യവസായ വളര്‍ച്ച നിലച്ചുപോയെന്നും രാജ്യത്ത്് ആകെ വളരുന്നത് മോദിയുടെ താടി മാത്രമാണെന്നും മമത പരിഹസിച്ചു.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടിയ അതേ വിജയം ബംഗാളില്‍ ആവര്‍ത്തിക്കുന്നതിനുവേണ്ടി ബിജെപിയുടെ മിക്കവാറും നേതാക്കള്‍ പശ്ചിമ ബംഗാളില്‍ വലിയ പ്രചാരണപരിപാടികളാണ് സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രി മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പാര്‍ട്ടി പ്രസിഡന്റ് ജെ പി നദ്ദ തുടങ്ങി നിരവധി പേര്‍ ബംഗാളില്‍ നിരവധി യോഗങ്ങളില്‍ പങ്കെടുത്തുകഴിഞ്ഞു.

പശ്ചിം മിഡ്‌നാപൂരിലെ ഡെബ്രയില്‍ ഒരു തിരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടയിലാണ് മമതയുടെ പ്രതികരണം.

''അവര്‍ക്ക് രണ്ട് സിണ്ടിക്കേറ്റുകളുണ്ട്. ഒന്ന് ഡല്‍ഹിയിലും ഗുജറാത്തിലും ഉത്തര്‍പ്രേദശിലും ചെയ്തതുപോലെ കലാപങ്ങളുണ്ടാക്കുന്നവര്‍, രണ്ടാമത്തെയാള്‍ വ്യവസായ വളര്‍ച്ച അവസാനിപ്പിച്ചു. അദ്ദേഹത്തിന്റെ താടിമാത്രമാണ് ഇപ്പോള്‍ വളരുന്നത്. ഗാന്ധിയേക്കാളും ടാഗോറിനേക്കാളും മികച്ചയാളാണെന്നാണ് വിചാരം. ചില സമയത്ത് സ്വയം സ്വാമി വിവേദകാനന്ദനെന്നും വിളിക്കാറുണ്ട്. അദ്ദേഹം ഒരു സ്‌റ്റേഡിയത്തിന് സ്വന്തം പേരുതന്നെ നല്‍കി. ഒരു ദിവസം അദ്ദേഹം രാജ്യത്തിന്റെ പേരും മാറ്റും. അദ്ദേഹത്തിന്റെ തലയുടെ സ്‌ക്രൂ അയഞ്ഞിരിക്കുകയാണ്''- മമത പറഞ്ഞു.

ബംഗാള്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്് തൃണമൂലും ബിജെപിയും തമ്മില്‍ കനത്ത പോരാട്ടമാണ് നടക്കുന്നത്. നിരവധി തൃണമൂല്‍ നേതാക്കള്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നുകഴിഞ്ഞു. വിട്ടുപോയവരില്‍ തൃണമൂലിലെ മുതിര്‍ന്ന നേതാക്കളും തൃണമൂല്‍ സര്‍ക്കാരിലെ മന്ത്രിമാരും ഉള്‍പ്പെടുന്നു.

ഈ അടുത്ത കാലത്താണ് മോദി താടി നീട്ടിവളര്‍ത്താന്‍ തുടങ്ങിയത്. അത് നിരവധി ട്രോളുകള്‍ക്ക് കാരണമായിരുന്നു.

Tags:    

Similar News