റൈസ് മില്ലില്‍ പട്ടാപ്പകല്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

കാരകുന്ന് 34ലെ തൊണ്ടിയന്‍ അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ള പികെഎച്ച് റൈസ് മില്ലില്‍ മോഷണം നടത്തിയ ഒതായി കുരിക്കലം പാടിലെ ഒറ്റപ്പിലാക്കല്‍ മുജീബ് റഹ്മാനെ(42)യാണ് എടവണ്ണ എസ്‌ഐ എന്‍ കെ മുരളിയും സംഘവും അറസ്റ്റ് ചെയ്തത്.

Update: 2019-05-11 17:42 GMT

കാരക്കുന്ന് 34: റൈസ് മില്ലില്‍ പട്ടാപ്പകല്‍ മോഷണം നടത്തിയ പ്രതി പിടിയില്‍. കാരകുന്ന് 34ലെ തൊണ്ടിയന്‍ അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ള പികെഎച്ച് റൈസ് മില്ലില്‍ മോഷണം നടത്തിയ ഒതായി കുരിക്കലം പാടിലെ ഒറ്റപ്പിലാക്കല്‍ മുജീബ് റഹ്മാനെ(42)യാണ് എടവണ്ണ എസ്‌ഐ എന്‍ കെ മുരളിയും സംഘവും അറസ്റ്റ് ചെയ്തത്.വ്യാഴാഴ്ച ഉച്ചയ്ക്ക് മില്ലിന്റെ ഷട്ടര്‍ അടക്കാതെ ഉടമ തൊട്ടടുത്ത പള്ളിയില്‍ നമസ്‌കരിക്കാന്‍ പോയ തക്കം നോക്കിയാണ് മോഷ്ടാവ് അകത്ത് കടന്നത്.

മേശ കുത്തിതുറക്കുന്നതും മേശയിലെ പഴ്‌സില്‍ നിന്നും പണം എടുക്കുന്നതും സിസി ടിവിയില്‍ പതിയുകയും സമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തതോടെയാണ് മോഷ്ടാവ് പിടിയിലായത്. കഴിഞ്ഞ ആറുമാസത്തിനിടെ നിരവധി തവണ ഇവിടെ പട്ടാപ്പകല്‍ മോഷണം നടന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് സിസിടിവി ഉപയോഗിക്കാന്‍ തുടങ്ങിയതെന്നും ഇയാള്‍ സ്ഥിരമായി മില്ലില്‍ നിന്നും സാധനങ്ങള്‍ വാങ്ങിക്കാറുണ്ടായിരുന്നുവെന്നും ഉടമ പറഞ്ഞു.

സമാന രീതിയില്‍ മോഷണം നടത്തിയതിന് ഇയാളുടെ പേരില്‍ കൊണ്ടോട്ടി, വാഴക്കാട്, മുക്കം തുടങ്ങിയ സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ കേസുകള്‍ നിലവിലുണ്ടെന്ന് പോലിസ് പറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം എടവണ്ണ അങ്ങാടിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. എടവണ്ണ എസ്‌ഐ മുരളി, സിപിഒമാരായ സദഖത്തുള്ള, ഫൈസല്‍, രതീഷ് എന്നിവരടങ്ങുന്ന പോലിസ് സംഘമാണ് മോഷ്ടാവിനെ പിടികൂടിയത്. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Tags: