എല്‍ദോസ് കുന്നപ്പള്ളി നിയമസഭാ അംഗത്വം രാജിവച്ച് നിയമനടപടിക്ക് വിധേയനാവണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

Update: 2022-10-14 08:25 GMT

തിരുവനന്തപുരം: എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളി നിയമസഭാ അംഗത്വം രാജിവെച്ച് നിയമ നടപടിക്ക് വിധേയനാകുകയാണ് വേണ്ടതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. എംഎല്‍എക്ക് നേരെ ഉയര്‍ന്ന സ്ത്രീപീഡന ആരോപണം ഗൗരവതരമാണ്. കേസ് ചുമത്തപ്പെട്ട സ്ഥിതിക്ക് നിയമ വാഴ്ചയെ അംഗീകരിക്കാന്‍ ബാധ്യതപ്പെട്ട പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഒളിവിലിരിക്കാതെ നിയമ സംവിധാനത്തിന് മുന്നില്‍ ഹാജരാകുകയാണ് അദ്ദേഹം ചെയ്യേണ്ടതെന്ന് പാര്‍ട്ടി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

''പൊതുജീവിതത്തിലും സ്വകാര്യ ജീവിതത്തിലും പൊതുപ്രവര്‍ത്തകന്‍ എപ്പോഴും ജനങ്ങളുടെ മുന്നില്‍ ഓഡിറ്റിങ്ങിന് വിധേയനായിരിക്കും. അത് സംശയാസ്പദമായി നിലനിര്‍ത്താന്‍ പാടില്ല. നിയമസഭാ അംഗം എന്നത് ജനങ്ങളോട് വിധേയത്വം വേണ്ട ഉന്നത സ്ഥാനമാണ്. അതുകൊണ്ട് തന്നെ ആരോപണത്തിന്റെ കറ തുടച്ച് നീക്കപ്പെടുന്നതു വരെ ആരോപണ വിധേയനായി സ്ഥാനത്ത് തുടരുന്നത് ധാര്‍മികമായി ശരിയല്ല.

കുറ്റവാളിയാണോ അല്ലയോ എന്ന് വിധിക്കേണ്ടത് കോടതി ആണെങ്കിലും ജനപ്രതിനിധി എന്ന സ്ഥാനത്തിരുന്ന് കേസ് നടത്തുന്നതിലൂടെ ലഭിക്കുന്ന പ്രിവിലേജ് പല തരം സ്വാധീനങ്ങളും ചെലുത്താനിടയാക്കും'- എല്‍ദോസ് കുന്നപ്പള്ളി പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയായ കോണ്‍ഗ്രസിന് പൊതു രംഗത്തെ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കാനുള്ള ബാധ്യതയുണ്ടെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടി മുന്‍കയ്യെടുക്കണമെന്നും ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു.

Tags:    

Similar News