കൈ നീട്ടി വാങ്ങാന്‍ മാത്രമല്ല തരാനുള്ള മനസുമുണ്ട് നമ്മുടെ 'അതിഥികള്‍ക്ക്'; പണിയെടുത്ത കൂലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി അതിഥി തൊഴിലാളികള്‍

സഹജീവികളോടുള്ള കാരുണ്യവും കരുതലും തങ്ങള്‍ക്കുമുണ്ടന്ന് തെളിയിക്കുകയാണ് പെരിന്തല്‍മണ്ണ വേങ്ങൂരിലെ അതിഥി തൊഴിലാളികള്‍.

Update: 2020-04-16 12:41 GMT

മലപ്പുറം: ചെയ്ത ജോലിക്കുള്ള കൂലി കൈ നീട്ടി വാങ്ങാന്‍ മാത്രമല്ല സഹജീവികളോടുള്ള കാരുണ്യവും കരുതലും തങ്ങള്‍ക്കുമുണ്ടന്ന് തെളിയിക്കുകയാണ് പെരിന്തല്‍മണ്ണ വേങ്ങൂരിലെ അതിഥി തൊഴിലാളികള്‍. തുക കുറവായിരിക്കാം, പക്ഷേ അത് മുഖ്യമന്ത്രിയുടെ പാവങ്ങളെ സഹായിക്കാനുള്ള ഫണ്ടിലേക്കെത്തുമ്പോള്‍ തെളിയുന്നത് ഇവരുടെ കരുണയുള്ള മുഖങ്ങളാണ്.

പെരിന്തല്‍മണ്ണയിലെ മേലാറ്റൂര്‍ പഞ്ചായത്തിലെ വേങ്ങൂരില്‍ കുട്ടികള്‍ക്കുള്ള കിടക്കകള്‍ നിര്‍മിക്കുന്ന ബ്യൂണോ എന്ന കമ്പനി ഉടമയാണ് കെ വി ഉസ്മാന്‍. മലയാളികളോടൊപ്പം ഇതര സംസ്ഥാനക്കാരായ ആറ് പേരാണ് ഇവിടെ ജോലിക്കാരായുള്ളത്. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ കമ്പനിയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു. നാട്ടില്‍ പോകാന്‍ കഴിയാത്തതിനാല്‍ ഇതര സംസ്ഥാനക്കാരായ ആറ് പേരും താമസ്ഥലത്ത് തന്നെ തുടര്‍ന്നു. ജില്ലയിലടക്കം മാസ്‌കുകള്‍ക്ക് ക്ഷാമം നേരിട്ടപ്പോള്‍ ഉസ്മാന്‍ ഇവരുടെ സഹായത്താല്‍ മാസ്‌കുകള്‍ നിര്‍മിച്ച് പോലിസിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സാമൂഹിക അടുക്കളകളിലും സൗജന്യമായി വിതരണം ചെയ്തു. സൗജന്യ വിതരണത്തിനെങ്കിലും പണിക്കാര്‍ക്ക് കൂലി കൊടുക്കാതിരിക്കാനാവില്ലല്ലോ?. അങ്ങനെയാണ് 8,324 രൂപ വേതനമായി ഉസ്മാന്‍ ഇവര്‍ക്ക് നല്‍കിയത്. സ്‌പോണ്‍സറായ ഉസ്മാനെപ്പോലും അമ്പരപ്പിച്ച് കൊണ്ട്, ചെറുതെങ്കിലും ഈ തുക മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണം എന്ന് ഇവര്‍ ആവശ്യപ്പെടുകയായിരുന്നു. ഉറ്റവരും ഉടയവരുമില്ലാതെ ഈ ആപത്തുകാലത്ത് കേരളത്തില്‍ പെട്ടുപോയ തങ്ങളെ സഹോദരങ്ങളെപ്പോലെ ചേര്‍ത്ത്ുനിര്‍ത്തി ഭക്ഷണവും മരുന്നുമുള്‍പ്പടെയുള്ള അത്യാവശ്യ സാധനങ്ങള്‍ എത്തിച്ചുതരാന്‍ സന്മനസുകാണിച്ച സംസ്ഥാന സര്‍ക്കാരിനോട് ഇങ്ങനെയെങ്കിലും കൂറു കാണിച്ചില്ലങ്കില്‍ തങ്ങള്‍ മനുഷ്യരാകില്ലെന്ന് കൂടി പറഞ്ഞപ്പോള്‍ ഉസ്മാന് പിന്നെ ഒന്നും ആലോചിക്കേണ്ടി വന്നില്ല.

ഉസ്മാന്‍ കലക്ട്രേറ്റിലെത്തി 8,324 രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനായി ജില്ലാ കലക്ര് ജാഫര്‍ മലികിനെ ഏല്‍പ്പിക്കുകയും ചെയ്തു. നമ്മുടെ അതിഥി തൊഴിലാളികളുടെ മനസിന്റെ നന്മ മഹത്തരമാണന്നും അവരുടെ എന്താവശ്യങ്ങളും ജില്ലാ ഭരണകൂടത്തിനെ അറിയിക്കാമെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി അവരെ അഭിവാദ്യം ചെയ്യുന്നതായും കലക്ടര്‍ പറഞ്ഞു. ഈ സമയത്ത് നാട്ടില്‍ പോകാന്‍ ആഗ്രഹമുണ്ടോയെന്ന് കലക്ടര്‍ ചോദിച്ചപ്പോള്‍ ഉടന്‍ പോകുന്നില്ലെന്നും തങ്ങള്‍ക്ക് വേണ്ടതെല്ലാം ഇവിടെ ലഭിക്കുന്നുണ്ടെന്നും സന്തോഷവാന്മാരാണെന്നുമായിരുന്നു അതിഥി തൊഴിലാളികളുടെ മറുപടി. ബീഹാര്‍ സ്വദേശികളായ ഇസ്ഫഫീല്‍, കിസ്മത്, കാസിം, സാക്കിര്‍, ഇജാജുല്‍ എന്നിവരാണ് തങ്ങളുടെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.

ലോക് ഡൗണില്‍ തൊഴിലില്ലാതായതോടെ അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മുഴുവന്‍ തൊഴിലാളികള്‍ക്കും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസുകള്‍ വഴി ഭക്ഷണവും പാചകം ചെയ്ത് കഴിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന ഭക്ഷ്യ വസ്തുക്കളടങ്ങിയ കിറ്റുകളും സൗജന്യമായി താമസ്ഥലങ്ങളില്‍ എത്തിച്ച് നല്‍കുന്നുണ്ട്. 

Tags:    

Similar News